മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിഎസ്

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ നടപടി തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. ഏറ്റുമുട്ടലില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഇത് പോലീസുകാരുടെ മനോവീര്യം തകര്‍ക്കാനല്ല, കാര്യപ്രാപ്തിയോട് കൂടി പെരുമാറാനാണ് സൂചിപ്പിക്കുന്നതെന്നും വിഎസ് കത്തില്‍ പറയുന്നു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തെറ്റായ ആശയ പ്രചാരണം നടത്തുന്നവരെയും കൊല്ലരുതെന്നും അവരുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ വിഎസ് പറയുന്നു.
എതിര്‍ അഭിപ്രായം പറയുന്നവരെയും തെറ്റായ അഭിപ്രായം പറയുന്നവരെയും കൊല്ലുകയല്ല ചെയ്യേണ്ടത്. മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രധാന ഘടകകക്ഷിയായ സിപിഐ രംഗത്ത് വന്നതിന് പിന്നാലെയാണ് വിഎസിന്റെ വിമര്‍ശനം. ആശയപ്രചരണം നടത്തുന്നവരെ വെടിവച്ച് കൊല്ലുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. മാവോയിസ്റ്റ് വേട്ടയില്‍ പോലീസ് ഭാഷ്യം വിശ്വസനീയമല്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് കരുളായി വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചത്. തണ്ടര്‍ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ ഉണ്ടായ വെടിവയ്പ്പില്‍ കുപ്പു ദേവരാജ്, അജിത എന്നീ രണ്ട് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് പോലീസ് ഭാഷ്യം.
https://www.facebook.com/Malayalivartha