വിഎസിന് താക്കീത് മാത്രം; പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയതായി റിപ്പോര്‍ട്ട്

വി.എസ്. അച്യുതാനന്ദനെതിരായ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അച്ചടക്കനടപടി താക്കീതില്‍ ഒതുക്കിയതായി സൂചന. പിബി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, വിഎസിനെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയതായാണ് വിവരം. പകരം, വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും. വിഎസ് പാര്‍ട്ടിയേയും പാര്‍ട്ടി വിഎസിനെയും വിശ്വാസത്തിലെടുത്ത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. വിഎസിനെതിരായ നടപടികള്‍ പിബി കമ്മിഷന്‍ അവസാനിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി തീരുമാനം വൈകിട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രഖ്യാപിക്കും.
അതേസമയം, കേന്ദ്ര കമ്മിറ്റിയുടേതു തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്നു വിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ.പി. ജയരാജനെതിരായ ബന്ധുനിയമനവിവാദം അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാനും ധാരണയായി. നേരത്തേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്നു വിഎസ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണു വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വിഎസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ള ഒരു വിഭാഗം. അച്ചടക്കലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ ചെറുതെങ്കിലും നടപടി വേണമെന്ന നിലപാടിലായിരുന്നു പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍. സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങള്‍ വിഎസ് നടത്തിയെന്നായിരുന്നു പിബി റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha