വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന നിലപാടില്‍ ഉറച്ച് ഐ.എ.എസുകാര്‍; മുഖ്യമന്ത്രിയുമായി രാവിലെ ചര്‍ച്ച നടത്തും

വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് കൂട്ട അവധിയെടുക്കുമെന്ന നിലപാടില്‍ ഉറച്ച് ഐ.എ.എസുകാര്‍. ഐ.എ.എസ് അസോസിയേഷന്‍ നേതാക്കള്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്യും. കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. കൂട്ട അവധി എടുക്കേണ്ടി വന്നാലും അത്യാവശ്യജോലികള്‍ നിര്‍വഹിക്കുമെന്ന് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത്. ആദ്യമാണ് ഇത്തരമൊരു പ്രതിഷേധത്തിന് ഐ.എ.എസുകാര്‍ തയ്യാറാകുന്നത്. അതേസമയം, ചട്ടവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ലെന്നാണ് വിജിലന്‍സ് നിലപാട്. മുതിര്‍ന്നവരുള്‍പ്പെടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചീഫ്‌സെക്രട്ടറിക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി വരെ 25 അപേക്ഷകളാണ് ചീഫ്‌സെക്രട്ടറിയുടെ ഓഫിസിലെത്തിയത്. ഫോണ്‍ വഴിയും ചിലര്‍ അവധി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.
മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ വിജിലന്‍സ് പ്രതിചേര്‍ത്തതാണ് ജേക്കബ് തോമസുമായി കുറെ നാളായി ഇടഞ്ഞു നിന്ന ഒരു വിഭാഗം ഐ.എ.എസുകാരെ പ്രകോപിപ്പിച്ചത്. നേരത്തേ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വസതി റെയ്ഡ് ചെയ്തതിലും മറ്റൊരു അഡീഷനല്‍ ചീഫ്‌സെക്രട്ടറി ടോം ജോസിനെതിരായ കേസിന്റെ കാര്യത്തിലും ഐ.എ.എസുകാരില്‍ ഒരു വിഭാഗം അമര്‍ഷത്തിലായിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണമാണ് ഐ.എ.എസുകാര്‍ ഉന്നയിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും പ്രതികാര മനോഭാവത്തോടെ പെരുമാറുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇതേ ആരോപണങ്ങളുമായാണ് നേരത്തേ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ബന്ധുനിയമന വിഷയത്തില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ രേഖാമൂലമുള്ള നിര്‍ദേശം അനുസരിക്കുക മാത്രമാണ് പോള്‍ ആന്റണി ചെയ്തതെന്നാണ് ഐ.എ.എസുകാരുടെ വാദം. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തുണക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha