ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്, അവള്‍ തോറ്റു കൊടുക്കില്ല, യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഇന്നസെന്റ് എംപി

മലയാളത്തിലെ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് അമ്മ അദ്ധ്യക്ഷനും എംപിയുമായ ഇന്നസെന്റ്.
'നമ്മിലൊരാള്‍ക്ക് നേരേ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേല്‍പ്പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. 'അമ്മ'യും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നു.'
ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലര്‍ച്ചെയാണ് തനിക്ക് വിവരം ലഭിക്കുന്നത്.ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോകനാഥ് ബെഹ്‌റ എന്നിവരെ നേരില്‍ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് തങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന് ഇടപെട്ടതെന്നും ഇന്നസെന്റ് വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടുകതന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റു കൊടുക്കാതെ നില്‍ക്കും; എക്കാലവും എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇന്നസെന്റ് കുറിച്ചു.
https://www.facebook.com/Malayalivartha






















