ഇനി പ്ലാസ്റ്റിക് റോഡിലൂടെ യാത്രചെയ്യാം, റീടാറിങ്ങിനായി പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു തുടങ്ങി

കേരളം പ്ലാസ്റ്റിക് റോഡുകളില്‍ യാത്ര തുടങ്ങുകയായി. സംസ്ഥാനത്ത് ഇതുവരെ എട്ടു ടണ്‍ പ്ലാസ്റ്റിക് മാലിന്യം റോഡുകളുടെ റീടാറിങ്ങിന് ഉപയോഗിച്ചു കഴിഞ്ഞു. 15 ടണ്‍ പ്ലാസ്റ്റിക് ഒരു മാസത്തിനകം വേണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ക്ലീന്‍ കേരള കമ്പനിയെ സമീപിച്ചു. പ്ലാസ്റ്റിക് മാലിന്യം ആവശ്യത്തിനു കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. പൊതുമരാമത്ത് വകുപ്പിനു പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ കൂടി റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ആവശ്യം വര്‍ധിച്ചത്.
തദ്ദേശ സ്ഥാപനങ്ങള്‍ നവീകരിക്കുന്ന റോഡുകളില്‍ 10 ശതമാനം ഭാഗമെങ്കിലും പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 17 പഞ്ചായത്തുകളും കളമശേരി നഗരസഭയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തും പ്ലാസ്റ്റിക് ടാറിങ് നടത്തി. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിച്ചുതുടങ്ങി. കേരളം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നം കൂടിയാണ് പരിഹരിക്കപ്പെടുന്നത്.
50 മൈക്രോണില്‍ താഴെയുള്ള സംസ്‌കരിച്ചു വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ആണ് ചെറുതരികളാക്കി മാറ്റി ടാറിങ്ങിന് ഉപയോഗിക്കുന്നത്. ഒരു കിലോമീറ്റര്‍ ടാറിങ്ങിന് 1700 കിലോ പ്ലാസ്റ്റിക് വരെ ഉപയോഗിക്കാം. ടാറിങ് നടത്തുന്നതെങ്ങനെയെന്നാല്‍ ബിറ്റുമിനില്‍ എട്ടു ശതമാനം വരെ പ്ലാസ്റ്റിക് മിശ്രിതം ചേര്‍ക്കും. റോഡ് നിര്‍മിക്കുമ്പോള്‍ ഏറ്റവും അടിത്തട്ടിലുള്ള പാളിയിലാണു പ്ലാസ്റ്റിക് ടാറിങ് നടത്തുക. ഇതിനു മുകളില്‍ ബിറ്റുമിന്‍ മക്കാഡവും ഏറ്റവും മുകളില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റും ഉപയോഗിക്കും.

പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു ഷ്രെഡിങ് യൂണിറ്റുകള്‍ വഴി തരികളാക്കി മാറ്റി പണം വാരുകയാണ് കേരളത്തിലെ ചില തദ്ദേശ സ്ഥാപനങ്ങള്‍. ആറ്റിങ്ങല്‍, പയ്യന്നൂര്‍, കൊയിലാണ്ടി, പെരിന്തല്‍മണ്ണ നഗരസഭകള്‍, കൊച്ചി കോര്‍പറേഷന്‍, വാണിമേല്‍, കല്ലൂര്‍ക്കാട്, കുറ്റിയാടി പഞ്ചായത്തുകള്‍ എന്നിവ ക്ലീന്‍ കേരള കമ്പനിക്ക് പ്ലാസ്റ്റിക് വില്‍ക്കുന്നു. കിലോയ്ക്ക് 15 രൂപ ലഭിക്കും. ക്ലീന്‍ കേരള കമ്പനി വില്‍ക്കുന്നത് കിലോയ്ക്ക് 20 രൂപയ്ക്ക്. അഞ്ചുലക്ഷം രൂപയാണ് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകള്‍ക്ക് ആകെ ചെലവ്.
പ്ലാസ്റ്റിക് കലര്‍ത്തി നിര്‍മിക്കുന്ന റോഡുകള്‍ക്കു 15% അധിക തുക അനുവദിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക് പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തില്‍ പരിശീലനവും നല്‍കി.
https://www.facebook.com/Malayalivartha






















