ജിഷ്ണു വധം; നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഈ മാസം 23 വരെ ഹൈക്കോടതി നീട്ടി

ജിഷ്ണു കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സംഭവത്തില്‍ മുഖ്യപ്രതിയായ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഈ മാസം 23 വരെ ഹൈക്കോടതി നീട്ടി നല്‍കി.
കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയത് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാണെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി കൃഷ്ണദാസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു.
ഈ മാസം 17-ന് കൃഷ്ണദാസിന്റെ അറസ്റ്റ് അഞ്ച് ദിവസത്തേക്ക് വിലക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൃഷ്ണദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു ഇത്. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്നും കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
ഈ മാസം 13-നാണ് കൃഷ്ണദാസിനെ മുഖ്യപ്രതിയാക്കി ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൃഷ്ണദാസിനെ കൂടാതെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് ശക്തമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് കൃഷ്ണദാസിന് ഇടക്കാലജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha






















