കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം; അടുത്ത കടകളിലേക്കും തീപടരുന്നു, ഏഴ് അഗ്‌നിശമനസേന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തുന്നു

കോഴിക്കോട്ട് വളരെയധികം തിരക്കുള്ള മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. മോഡേണ്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സിന്റെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഏഴ് അഗ്‌നിശമനസേന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. അടുത്ത കടകളിലേക്കും തീപടര്‍ന്നു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതിരിക്കുന്നതിനുള്ള ശ്രമത്തിലാണ് അഗ്‌നിശമനസേനയും നാട്ടുകാരും. അടുത്തുള്ള കടയില്‍ പാചകവാതക സിലിണ്ടറുകളുള്ളത് പരിഭ്രാന്തി ഉയര്‍ത്തുന്നുണ്ട്.
അടുത്തേക്കുള്ള പതിനഞ്ചോളം കടകളിലേക്ക് തീപടര്‍ന്നതായാണ് വിവരം. തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. കോഴിക്കോടിന്റെ പൗരാണിക വാണിജ്യ മേഖലയാണ് മിഠായിത്തെരുവ്.

വളരെ ഇടുങ്ങിയ വഴികളുള്ള ഇവിടെ തൊട്ടടുത്തായാണ് കടകളിരിക്കുന്നത്. ഈയടുത്തകാലത്തായി മിഠായിത്തെരുവില്‍ ഉണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തി നശിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ഇടക്കിടയ്ക്ക് തീപിടിത്തമുണ്ടാകുന്ന മേഖലയുമാണ് ഈ മിഠായിത്തെരുവ്. മുന്‍പും തീപിടിത്തം ഉണ്ടായിട്ടുണ്ടെങ്കിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാത്തത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha






















