ക്രോണിന്‍ കടുത്ത സംശയരോഗി; മിഷേലിന്റെ ആണ്‍സുഹൃത്തുക്കളേയും ക്രോണിന്‍ പേടിപ്പിച്ചു

സി.എ വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രോണിനെതിരെ കൂടുതല്‍ തെളിവുകള്‍. പെണ്‍കുട്ടിയെ ക്രോണ്‍ മാനസികമായി പിഡിപ്പിച്ചതായും ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായുമായ മൊഴിയാണ് പുറത്ത് വന്നത്.
ചെന്നൈയിലുള്ള സുഹൃത്ത് ഓണ്‍ലൈന്‍ വഴിയാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചെന്നൈയിലേക്ക് പോകുന്നത് പ്രതി എതിര്‍ത്തു. മിഷേലിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിരന്തരം ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു. പ്രതിയില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണും സിം കാര്‍ഡുകളും കോടതി മുഖേന ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രതി നിരന്തരം അയച്ച മെസേജുകള്‍ വീണ്ടെടുക്കാനാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.
ചെന്നൈയില്‍ നിന്നും സഹപാഠിയുടെ മൊഴി ഓണ്‍ലൈന്‍ വഴി പോലീസ് രേഖപ്പെടുത്തി. മിഷേലിന്റെ ആണ്‍സുഹൃത്തുക്കളെയും ക്രോണിന്‍ ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. നേരത്തേ കോട്ടയത്ത് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കെ മിഷേലുമായി അടുത്ത ഒരു യുവാവിനെയും ക്രോണിന്‍ ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. കാണുകയോ മിണ്ടുകയോ ചെയ്യരുതെന്നായിരുന്നു ഭീഷണി.
ക്രോണിന്‍ കടുത്ത സംശയരോഗിയാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മിഷേല്‍ പല തവണ ശ്രമിച്ചതാണ്. എന്നാല്‍ മാപ്പ് പറഞ്ഞ് ഇത് ഇയാള്‍ തുടരുകയായിരുന്നു. ബന്ധത്തില്‍ നിന്നും മിഷേല്‍ പിന്മാറാതിരിക്കാന്‍ ക്രോണിന്‍ ഭീഷണിയുടെ ഭാഷയും ഉപയോഗിച്ചിരുന്നു. ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ 'കൊന്നുകളയും' എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാള്‍ മിഷേലിനയച്ചത്. മൂന്നുതവണ ഫോണ്‍ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങള്‍ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേല്‍ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചന ആയിരുന്നെന്നാണ് പോലീസ് നിഗമനം. ഛത്തീസ്ഗഡിലെ സ്വകാര്യസ്ഥാപനത്തിലാണ് ഇയാള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. മറ്റു രണ്ടു പെണ്‍കുട്ടികളെയും ക്രോണിന്‍ ചതിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തെ കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.അതിനിടെ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു. ''പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരിച്ചതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ വിശ്വസിക്കുന്നില്ല'' എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാല്‍, ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ട ആളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് നിഗമനം. അതേസമയം, പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് അവസാനം വിളിച്ചത് ഇയാളാണ്. മരണത്തിന് ഒരാഴ്ച മുമ്പ് തന്നെ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തതായി പെണ്‍കുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കലൂര്‍ പള്ളിയില്‍നിന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് ഇവരാകാനും സാധ്യതയുണ്ട്. ഇവരെ കണ്ടപ്പോള്‍ പെണ്‍കുട്ടി എതിര്‍ദിശയിലേക്ക് നടന്നുപോകുന്നത് പെണ്‍കുട്ടിക്ക് ഇവരെ നേരത്തേ അറിയാമെന്നതിന് തെളിവാണ്. കായലില്‍ 24 മണിക്കൂറിലേറെ കിടന്നിട്ടും മൃതദേഹം ജീര്‍ണിക്കാതിരുന്നതാണ് സംശയം ജനിപ്പിക്കുന്ന പ്രധാനഘടകം.
https://www.facebook.com/Malayalivartha