അതൊന്നുമല്ല സത്യം... മിഷേലിന്റെ മരണത്തില്‍ പോലീസ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നു ബന്ധുക്കള്‍

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന വെളിപ്പെടുത്തലുകള്‍ വിശ്വസനീയമല്ലെന്ന് മിഷേലിന്റെ ബന്ധുക്കള്‍. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ ഉറച്ച വിശ്വാസം. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദഗതികള്‍ നിരത്തി പോലീസ് കേസ് ഫയല്‍ ക്ലോസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്റെ ശല്യം മൂലം മിഷേലിന് മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണന്നും കുട്ടിക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലായിരുന്നുവെന്നും പിതാവ് ഷാജി വര്‍ഗീസ് പറയുന്നു.
ക്രോണ്‍ ബന്ധുവാണന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. ഇവരുടെ കുടുംബവുമായി പരിചയം കുറവായിരുന്നുവെന്നും മിഷേലിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ക്രോണിന്റെ കുടുംബവുമായി ബന്ധമുണ്ടെന്നു മാധ്യമങ്ങളില്‍ വാര്‍ത്തകണ്ട അറിവേയുള്ളുവെന്നു മിഷേലിന്റെ പിതാവ് പറഞ്ഞു.
മിഷേലിനെ കാണാതായതു മുതല്‍ പൊലീസ് നിരത്തുന്ന ഊഹാപോഹങ്ങളുടെ ബാക്കിയാണ് ഇപ്പോള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കും.ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും മിഷേലിന്റെ പിതാവും ഉള്‍പ്പെടുന്ന സംഘം തിരുവനന്തപുരത്ത് എത്തിയാവും പരാതി കൈമാറുക. ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നുവെങ്കിലും മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് നടപടി വേണമെന്ന് ചെയര്‍മാന്‍ സാബു കെ. ജേക്കബ് ആവശ്യപ്പെട്ടു.
ഗോശ്രീ പാലത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തിയ യുവാവ്, അതു മിഷേല്‍ തന്നെയാണോ എന്നോ യുവതി കായലില്‍ ചാടിയെന്ന് കണ്ടതായോ വെളിപ്പെടുത്തിയിട്ടില്ല. അഥവാ ഈ സമയത്ത് ചാടിയെങ്കില്‍ തന്നെ അടുത്ത ദിവസം വൈകിട്ടാണ് ജഡം കണ്ടെത്തിയത്. 24 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാല്‍ ഉണ്ടാകാവുന്ന രൂപമാറ്റമോ മറ്റു പരുക്കുകളോ ശരീരത്തില്‍ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായിരുന്ന മല്‍സ്യ തൊഴിലാളികളും ഇത്രയധികം സമയം ശരീരം വെള്ളത്തില്‍ കിടന്ന ലക്ഷണമില്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്നു ബന്ധുക്കള്‍ പറഞ്ഞു.
മിഷേലിന്റെ ബാഗ്, മൊബൈല്‍ ഫോണ്‍, ഷാള്‍ എന്നിവയൊന്നും ഇനിയും കണ്ടെത്തുന്നതിനു കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാക്കളെ തിരിച്ചറിയുന്നതിനും കഴിഞ്ഞിട്ടില്ല. അവസാന രണ്ടു ദിവസങ്ങളിലായി 88 മെസേജുകള്‍ അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മിഷേല്‍ പ്രതികരിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും ഇവയുടെ വിശദാംശങ്ങളിലും അവ്യക്തതയുണ്ട്. ഈ സാഹചര്യത്തില്‍ പഴുതടച്ചുള്ള അന്വേഷണം ഇനി ഉണ്ടാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























