വിലക്കയറ്റത്തിന്റെ മറവില്‍ ഹോട്ടലുകളുടെ കൊള്ള

വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിന് ഈടാക്കുന്നത് പല വില. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചപ്പോള്‍ മുതല്‍ തന്നെ ജില്ലയിലെ ഹോട്ടലുകാരും തട്ടുകടക്കാരും ഉപഭോക്താക്കളില്‍നിന്നും തോന്നുംപടി വില ഈടാക്കിത്തുടങ്ങി. ഈ മാസം തുടക്കം മുതല്‍ ചായക്ക് പത്ത് രൂപവരെ ജില്ലയിലെ ചില ഹോട്ടലുകാര്‍ ഈടാക്കുന്നതായാണ് വിവരം. ഊണിന് കൃത്യമായ മെനുവില്ലാത്തുകാരണം ഊണു കഴിയുമ്പോള്‍ തരുന്ന ബില്‍തുക അടയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. മിക്കഹോട്ടലുകളിലും വിലവിവരപട്ടിക അപ്രത്യക്ഷമായി കഴിഞ്ഞു.
വെജിറ്റേറിയന്‍ ഊണിന് 50 രൂപാ മുതല്‍ 100 രൂപ വരെയാണ് ഹോട്ടലുകാര്‍ ഈടാക്കുക. മീന്‍കറികൂടി ഉള്‍പ്പെടുത്തിയാല്‍ 120 രൂപയാകും. സ്പെഷല്‍ മീന്‍ കറിയോ വറുത്തതോ ചോദിച്ചാല്‍ വേണമെന്നുപറയുന്നതിന് മുമ്പ് കീശയുടെ കനം പ്രത്യേകം ചിന്തിക്കണം. സ്പെഷലിന്റെ വില മിനം 50 രൂപയില്‍ നിന്നാണ് തുടക്കം. കരിമീനാണെങ്കില്‍ 250 രൂപവരെ ഈടാക്കും. ചപ്പാത്തിയുടെ വില ആറില്‍നിന്ന് എട്ടായും പൊറോട്ടയ്ക്ക് എട്ട് മുതല്‍ 12 രൂപവരെയും ഈടാക്കുന്നു. കുറഞ്ഞ വിലയ്ക്ക് ചൂടോടെ ഭക്ഷണം എന്ന നിലയില്‍നിന്ന് തട്ടുകളും ഏറെ മാറി. കോഴി, മീന്‍ മുതലായവ വറുത്ത് ടിന്നുകളിലാക്കിവയ്ക്കും ആവശ്യക്കാരെത്തുമ്പോള്‍ വീണ്ടും എണ്ണയിലിട്ട് ഒന്നുകൂടി വറുത്ത് തരും.

ഫ്രീസറും ഐസുപെട്ടിയും എല്ലാം സ്ഥിരം തട്ടുകടകളിലായിക്കഴിഞ്ഞു. ഉപഭോക്താക്കള്‍ പലരെത്തുന്നതിനാല്‍ പതിവുകാർക്ക് ഒരു വിലയും അല്ലാത്തവര്‍ക്ക് മറ്റൊരു വിലയും. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയോ അധികൃതരുടെ ഇടപെടലോയില്ലാതെ കുത്തഴിഞ്ഞപുസ്തകം പോലയാണ് ഇപ്പോള്‍ ഈ രംഗം. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാല്, വെള്ളം എന്നിവയുടെ ഗുണനിലവാരം എന്നിവയെക്കുറിച്ച് ഒരു രീതിയിലുള്ള പരിശോധനയും നടക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം നിലനില്‍ക്കുന്നു.

തട്ടുകടക്കാര്‍ കട വാടകയോ നികുതിയോ ഒടുക്കുന്നില്ലെങ്കിലും ഇതിനനുസരിച്ചുളള വിലക്കുറവൊന്നും സാധാരണക്കാര്‍ക്ക് ലഭിക്കാറില്ലെന്നത് സത്യം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെയാണ് കടയുടമകള്‍ പഴിക്കുന്നത്.
https://www.facebook.com/Malayalivartha


























