16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...

ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. കാസർകോട് നാലത്തടുക്ക സ്വദേശിനി ജസീലയുടെ മരണം വെറുമൊരു ആത്മഹത്യയല്ല, മറിച്ച് സമൂഹത്തിന് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ നടത്തിയ അവസാന പോരാട്ടമാണ്. മോഷണക്കുറ്റം ആരോപിച്ച് അയൽവാസികളും പോലീസും ചേർന്ന് നടത്തിയ മാനസിക പീഡനമാണ് ജസീലയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കുന്നതിന് മുൻപ് ജസീല റെക്കോർഡ് ചെയ്ത 16 മിനിറ്റോളം ദൈർഘ്യമുള്ള ആ വീഡിയോയിൽ പറയുന്നത് കേട്ടാൽ ഏതൊരാളുടെയും കണ്ണ് നിറയും. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ജസീലയെന്ന 24-കാരിയെയാണ് കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവാസിയുടെ വീട്ടിൽ നടന്ന വിവാഹത്തിനിടെ ഒമ്പതര പവനോളം സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ജസീലയ്‌ക്കെതിരെ ആരോപണം ഉയർന്നത്. എന്നാൽ ഈ ആരോപണത്തിന് പിന്നിൽ യാതൊരു തെളിവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ജസീല കടുത്ത സ്വഭാവഹത്യ നേരിട്ടു. ആദൂർ പോലീസ് ജസീലയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വനിതാ പോലീസുകാരില്ലാതെയാണ് തന്നെ ചോദ്യം ചെയ്തതെന്നും പോലീസ് കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നും ജസീല വീഡിയോയിൽ വെളിപ്പെടുത്തുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. മോഷണ പരാതിയിൽ കേസ് പോലും രജിസ്റ്റർ ചെയ്യാതിരുന്നിട്ടും നിരന്തരം നേരിടേണ്ടി വന്ന മാനസിക സംഘർഷമാണ് ജസീലയെ തളർത്തിയത്.
ജസീലയുടെ വാക്കുകൾ (വീഡിയോയിൽ നിന്ന്): "ഞാൻ എന്തായാലും ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറെ അനുഭവിക്കുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസായിട്ടുണ്ട്. അത് ഞാൻ എടുത്തെന്നാണ് പറയുന്നത്. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. സത്യം ആരും വിശ്വസിക്കുന്നില്ല... എന്റെ മരണത്തിന് ഉത്തരവാദി ഇവരൊക്കെയാണ്. എന്റെ ഭർത്താവും ഇതിൽ പങ്കാളിയാണ്. സത്യം ഒരു ദിവസം തെളിയുമെന്ന വിശ്വാസത്തോടെ ഞാൻ പോകുകയാണ്."
https://www.facebook.com/Malayalivartha
























