ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു മേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിങ് സംവിധാനം, റേഡിയേഷന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ എന്നീ നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് കാത്ത് ലാബ്, ഗാലിയം സ്‌കാന്‍, പെറ്റ് സിടി സ്‌കാന്‍, കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ചികിത്സിക്കാനുള്ള അതിനൂതന ബ്രാക്കിതെറാപ്പി മെഷീന്‍, ഡിജിറ്റല്‍ മാമോഗ്രഫി മെഷീന്‍, പീഡിയാട്രിക് ഓട്ടോലോഗസ് സ്‌റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് എന്നിങ്ങനെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍സിസിയിലെ പുതിയ ബഹുനില മന്ദിരത്തിന്റേയും കെസിഡിസിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
കാന്‍സര്‍ ചികിത്സക്ക് കേരളത്തിലാകെയുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍. പ്രതിവര്‍ഷം രണ്ടരലക്ഷത്തോളം പേര്‍ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നൂതന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കേണ്ടത് ഏറെ അനിവാര്യമാണ്. അതിന്റെ ഭാഗമായാണ് നൂതന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 242 കോടി രൂപാ ചിലവില്‍ 3,30,117 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ബഹുനില മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്.
കാന്‍സര്‍ രോഗികള്‍ക്കുള്ള അത്യാധുനിക സേവന സൗകര്യങ്ങള്‍ ഇവിടെ സജ്ജമായിട്ടുണ്ട്. ഈ കെട്ടിടത്തില്‍ റേഡിയോതെറാപ്പി മെഷീനുകള്‍, അയഡിന്‍ തെറാപ്പി വാര്‍ഡ് ഉള്‍പ്പെടെയുള്ള ന്യൂക്ലിയര്‍ മെഡിസിന്‍ സങ്കേതങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്ററുകള്‍, വാര്‍ഡുകള്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലുക്കീമിയ വാര്‍ഡ്, രക്തബാങ്ക്, മൈക്രോബയോളജി വിഭാഗം തുടങ്ങിയ സേവനങ്ങള്‍ ഉണ്ടാകും.
നിലവിലുള്ള കിടക്കകള്‍ക്കു പുറമെ 200 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി വാഹന പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗരോര്‍ജം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടും ഹരിത പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുമാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ആര്‍സിസിയ്ക്കു വേണ്ടി പുലയനാര്‍കോട്ടയില്‍ 12 ഏക്കറോളം സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആര്‍ സി സിയുടെ രണ്ടാം ക്യാമ്പസും അനുബന്ധ സംവിധാനങ്ങളും അവിടെയായിരിക്കും സ്ഥാപിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.റ്റി. ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ. ജയപ്രകാശ് ആര്‍ രചിച്ച 'ശിശു മാനസികാരോഗ്യ വിദഗ്ദ്ധന്റെ ഡയറിക്കുറിപ്പുകള്‍' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
https://www.facebook.com/Malayalivartha
























