വിവാദ ചാനലിന്റെ കുറ്റസമ്മതത്തിനു പിന്നാലെ പ്രതികരണവുമായി പ്രമോദ് രാമന്‍.“കേരളം തിരിച്ചറിയട്ടെ ആ ജീര്‍ണമസ്തിഷ്‌കങ്ങളെ”;

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലെത്തിച്ച വിവാദ ഫോണ്‍ കോള്‍ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനാണെന്ന് ചാനല്‍ സിഇഒ തുറന്ന് സമ്മതിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ . ഞെട്ടിക്കുന്ന ബ്രേക്കിംഗ് രാവിലെ 11
മണിക്ക് കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും രാത്രി 10 മണിക്ക് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് അവര്‍ തിരിച്ചറിയട്ടെ എന്നും പ്രമോദ് രാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൊതു ജനത്തെ ഞെട്ടിക്കുന്ന രണ്ടാമത്തെ വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവിടുമെന്ന് വിവാദ ചാനല്‍ അറിയിച്ചെങ്കിലും റിപ്പോര്‍ട്ടര്‍ ചാനല്‍ അടക്കമുള്ള മറ്റ് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത ജില്ലാ കോടതി ജഡ്ജി നിയമനത്തിലെ ക്രമകേടിനെപ്പറ്റിയായിരുന്നു അത്. അതിനാല്‍ തന്നെ പ്രതീക്ഷിച്ച കോളിളക്കം ഉണ്ടാക്കാന്‍ വാര്‍ത്തയ്ക്ക് സാധിച്ചിരുന്നില്ല.
മാര്‍ച്ച് 26ന് പരാതിയുമായി സമീപിച്ച സത്രീയോട് മന്ത്രി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെട്ടു എന്ന് ആരോപണത്തിന് തെളിവായ് ചാനല്‍ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് പിന്നാലെ തന്നെ രൂക്ഷവിമര്‍ശനവുമായി പ്രമോദ് രാമന്‍ രംഗത്ത് വന്നിരുന്നു. ഇത് മാധ്യമപ്രവര്‍ത്തനമല്ല അമേധ്യപ്രവര്‍ത്തനമാണെന്നും വാര്‍ത്ത അവതാരകരുടെ നിരയില്‍ ആദ്യത്തെ കണ്ണികളില്‍ ഒരാള്‍ എന്ന നിലയില്‍ തന്റെ ശിരസ് കേരളസമൂഹത്തില്‍ നിന്നും കുനിഞ്ഞ് പോകുന്നു എന്നുമാണ് അദ്ദേഹം നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയസ്ബുക്കില്‍ കുറിച്ചത്.
ഞെട്ടിക്കുന്ന ബ്രേക്കിംഗ് രാവിലെ 11 മണിക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും രാത്രി 10 മണിക്ക് കൊടുത്തു. സമസ്താപരാധങ്ങൾക്കും മാപ്പ്. വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തിൽ ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയട്ടെ ആ ജീർണമസ്തിഷ്കങ്ങൾ.
https://www.facebook.com/Malayalivartha






















