സെന്‍ കുമാറിനെതിരായ നടപടി : അന്വേഷണരേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ജിഷ വധം, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം എന്നീ കേസുകളിലെ അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പടെ സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാറിനു സുപ്രീംകോടതിയുടെ നിര്‍ദേശം. ഈ കേസുകളുടെ അന്വേഷണത്തിലുണ്ടായ വീഴ്ചയാണ് സെന്‍കുമാറിനെ ഡിജി.പി. സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണമായതെന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സര്‍ക്കാരിന് ഡി.ജി.പിയെ തന്നിഷ്ടപ്രകാരം നീക്കം ചെയ്യാന്‍ അധികാരമുണ്ടോ, നടപടി ക്രമങ്ങള്‍ പാലിച്ചാണോ സെന്‍കുമാറിനെ നീക്കിയത് എന്നീ കാര്യങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസ് അടുത്തമാസം 10ന് വീണ്ടും പരിഗണിക്കും.
വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ യാതൊരുവിധ പരാമര്‍ശങ്ങളുമില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ ദുശ്യന്ത് ദവെ വാദിച്ചു. ജിഷാ കേസിലെ വീഴ്ചയല്ല സ്ഥാനമാറ്റത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന്റെ രേഖകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കി. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് സെന്‍കുമാര്‍ ഉത്തരവാദിയായിരുന്നെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ്‌സെക്രട്ടറിയുമായ നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് ദുശ്യന്ത് ദവെ ആരോപിച്ചു. സെന്‍കുമാറിനെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ തന്നെയാണ് നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയതെന്നും ദവെ ചൂണ്ടികാട്ടി.
അതേസമയം പോലിസിന്റെ കഴിവുകേടാണ് പുറ്റിങ്ങല്‍ വെടിക്കട്ടപകടത്തിലേക്ക് നയിച്ചതെന്നാണ് പൊതുജനങ്ങളുടെ കാഴ്ചപ്പാടെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ വാദിച്ചു. പോലീസ് ആവശ്യമായ സമയത്ത് നടപടിയെടുത്തില്ലെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാടെന്നായിരുന്നു സാല്‍വെയുടെ വാദം. കപ്പല്‍ മുങ്ങുമ്പോള്‍ അതിന്റെ ക്യാപ്റ്റനാണ് ഉത്തവാദിത്വം. എന്നാല്‍ സെന്‍കുമാര്‍ മാറിയ ശേഷമുള്ള ആക്രമ സംഭവങ്ങള്‍ ചൂണ്ടികാണിച്ചാണ് ദവെ തിരിച്ചടിച്ചത്.
നൈമിഷികമായ ജനകീയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് ദവെ ചൂണ്ടിക്കാട്ടി. പ്രകാശ് സിങ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന് രണ്ടുവര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരുന്നതെന്ന് സെന്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി
https://www.facebook.com/Malayalivartha






















