ഫോണ്‍ കെണി വിവാദത്തില്‍ ചാനല്‍ മേധാവി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്, ജാമ്യമില്ലാ വകുപ്പും ചുമത്തി

ഫോണ്‍ കെണി വിവാദത്തില്‍ ചാനല്‍ മേധാവി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പും ചുമത്തി. ഐടി ആക്ടും ഗൂഢാലോചന, ഇലക്ടോണിക് മാധ്യമങ്ങളുടെ ദുരുപയോഗം ചുമത്തിയാണ് എഫ്‌ഐആര്‍ . പ്രത്യേക അന്വേഷണ സംഘമാണ് കേസെടുത്തത്. മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.
വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ചനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോള്‍ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. 30ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തി.
മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തരടങ്ങിയ ടീമാണ് കൃത്യം നടത്തിയത്. ഒരു വനിതാ മാധ്യമപ്രവര്‍ത്തക സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു. ഈ നടപടി തെറ്റായിപ്പോയി അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നു. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ച്ത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ജുഡീഷ്യല്‍ കമ്മീഷനോട് ഇക്കാര്യം പറയുമെന്നും അജിത്ത് കുമാര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















