സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് ഇന്ന് അവസാന പ്രവൃത്തിദിനം

ഇനി എസ്ബിടി ഇല്ല. എസ് ബി ഐ മാത്രം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് ഇന്ന് അവസാന പ്രവൃത്തിദിനം. നാളെ പുത്തന്‍ സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിക്കുമ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ആയിരത്തിലേറെ ശാഖകള്‍ മുതല്‍ തലസ്ഥാനത്തെ ആസ്ഥാന മന്ദിരം വരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വിലാസത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
ശാഖകളുടെയും ഓഫിസുകളുടെയും മുന്നില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ബോര്‍ഡ് സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ജോലി പുരോഗമിക്കുന്നു. 14,892 എസ്ബിടി ജീവനക്കാരും നാളെ എസ്ബിഐ ജീവനക്കാരായി മാറും; എസ്ബിടി അക്കൗണ്ട് ഉടമകള്‍ എസ്ബിഐയിലെ അക്കൗണ്ട് ഉടമകളും. എസ്ബിടി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പട്ടികയില്‍നിന്നു നീക്കം ചെയ്യപ്പെടും; ഓഹരി ഉടമകള്‍ക്ക് എസ്ബിഐ റജിസ്റ്റലിലേക്കു സ്ഥാനമാറ്റം നല്‍കും. ഇതൊക്കെയാണെങ്കിലും സ്‌റ്റേഷനറി മാറ്റം ഉള്‍പ്പെടെ പല നടപടികളും പൂര്‍ത്തിയാക്കുന്നതിനു സാവകാശം വേണമെന്നതിനാല്‍ ലയനം പൂര്‍ണമാകാന്‍ ഏതാനും മാസങ്ങള്‍തന്നെ വേണ്ടിവരും. ഡേറ്റ സംയോജനം ഏപ്രില്‍ 21, 22 തീയതികളിലായി നടക്കും.
എസ്ബിടിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫിസ് എസ്ബിഐയുടെ പ്രാദേശിക ഹെഡ് ഓഫിസായി മാറും. മാനേജിങ് ഡയറക്ടര്‍, എട്ടു ജനറല്‍ മാനേജര്‍മാര്‍, 36 ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ പുതിയ തസ്തികളില്‍ നിയമിക്കപ്പെടും. കേരളത്തില്‍ എസ്ബിഐയുടെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചീഫ് ജനറല്‍ മാനേജറായിരിക്കും. മൂന്നു ജനറല്‍ മാനേജര്‍മാരും 12 ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരും സഹായികളായിട്ടുണ്ടാകും. കോട്ടയത്തും കൊല്ലത്തും കൂടി സോണല്‍ ഓഫിസുകള്‍ തുറക്കും.
എസ്ബിടിക്ക് 1177 ശാഖകളാണുള്ളത്. ഇതില്‍ 852 എണ്ണം കേരളത്തിലാണ്. കേരളത്തിലെ ശാഖകളില്‍ 204 എണ്ണം ക്രമേണ നിര്‍ത്തലാക്കും. ജീവനക്കാരുടെ എണ്ണം അധികമാകുമെന്നതിനാല്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ അഞ്ചു വരെ പദ്ധതി പ്രാബല്യത്തിലുണ്ടാകും. വിരമിക്കാന്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്കു തീരുമാനം പുനപ്പരിശോധിക്കാന്‍ 22 വരെ സമയം നല്‍കും.
https://www.facebook.com/Malayalivartha






















