ഷംനയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആരോഗ്യവകുപ്പ് സഹകരിക്കുന്നില്ലെന്നു പിതാവ്

എറണാകുളം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ ഷംന തസ്‌നീം (22) കുത്തിവയ്പിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആരോഗ്യവകുപ്പ് സഹകരിക്കുന്നില്ലെന്നു പിതാവ് കെ.എ. അബൂട്ടി. ഷംനയുടെ മരണത്തിലെ ചികില്‍സാപ്പിഴവു സംബന്ധിച്ച് ആരോഗ്യ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ നല്‍കിയിട്ടില്ല. മരണത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി നല്‍കിയ റിപ്പോര്‍ട്ടിലും തുടരന്വേഷണമായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ. ടി.കെ. സുമ നല്‍കിയ റിപ്പോര്‍ട്ടിലും ചികില്‍സാപ്പിഴവുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്.
ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നല്ലരീതിയില്‍ കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ചികില്‍സാ രേഖകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ഈ നിസ്സഹകരണം പ്രതിസന്ധി സൃഷ്ടിക്കുന്നു. കൂടാതെ മെഡിക്കല്‍ കോളജില്‍ ഈ സമയം ഡ്യൂട്ടിയില്‍ ആരാണുണ്ടായിരുന്നതെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുമില്ലെന്നും അബൂട്ടി പറയുന്നു.
മരിച്ച ശേഷമാണു ഷംനയെ മെഡിക്കല്‍ കോളജില്‍ നിന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതെന്നു തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണവും അബൂട്ടി പുറത്തുവിട്ടു. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഷംനയെ മരിച്ച ശേഷമാണു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതെന്നു സമ്മതിക്കുന്ന തരത്തിലുള്ള ടെലിഫോണ്‍ സംഭാഷണമാണു പുറത്തുവിട്ടത്. ഒന്‍പതിനായിരത്തോളം രൂപ ഇവിടെ ബില്‍ ഈടാക്കിയെന്നും അബൂട്ടി പറയുന്നു.
ഷംനയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന സാഹചര്യത്തിലും സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു ഡോക്ടര്‍മാരെയും തിരിച്ചെടുത്തു. ഇതു കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനു തുല്യമാണ്. മരിച്ചതിനു ശേഷം മകളെ സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തവരെയും പുറത്താക്കണമെന്ന് അബൂട്ടി ആവശ്യപ്പെട്ടു. ഈ മാസം 20നു ഷംനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വീണ്ടും പരിഗണിക്കുന്നുണ്ട്.
എന്റെ മകള്‍ക്കു വിലയിട്ടതെന്തിന്
''മരിച്ച മകള്‍ക്കു വില മൂന്നു ലക്ഷം. എനിക്ക് ആ കാശു വേണ്ട. എന്റെ മകള്‍ക്കു മൂന്നു ലക്ഷം രൂപ വിലയിട്ടത് എന്തിന്? സ്വന്തം മകള്‍ നഷ്ടപ്പെടുമ്പോഴേ ആ വേദനയറിയൂ.... എന്റെ മകള്‍ മരിച്ച അതേ ആശുപത്രിയില്‍ വീണ്ടും ഒരു ചെറുപ്പക്കാരന്‍ കൂടി മരിച്ചിരിക്കുന്നു. ഇവിടെ എന്തോ കുഴപ്പമുണ്ട്. ആരും ഒന്നിലും ഇടപെടുന്നില്ല. ശരിയാക്കാം... ശരിയാക്കാം എന്ന മറുപടി മാത്രമാണു ലഭിക്കുന്നത്. ഇനിയെത്ര നാളാണു ഞാന്‍ ക്ഷമിക്കേണ്ടത്.'' ഷംന തസ്‌നീമിന്റെ അച്ഛന്‍ കെ. അബൂട്ടിയുടേതാണ് കണ്ണീരിന്റെ നനവുള്ള ഈ വാക്കുകള്‍.
കഴിഞ്ഞ വര്‍ഷം ജൂലൈ 18നാണ് എറണാകുളം മെഡിക്കല്‍ കോളജില്‍ ഷംന തസ്‌നീം (22) കുത്തിവയ്പിനെ തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചത്. വീണ്ടും ഒരു മരണം കൂടി എറണാകുളം മെഡിക്കല്‍ കോളജില്‍ ഉണ്ടായതറിഞ്ഞു കണ്ണൂരില്‍ നിന്ന് എറണാകുളത്തെത്തിയതായിരുന്നു അബൂട്ടി.
https://www.facebook.com/Malayalivartha
























