പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പിഴവില്‍ നാല് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ അശ്രദ്ധ, നാല് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പൊന്നാനി സ്വദേശി അബ്ദുള്‍ ജബ്ബാറിന്റെ നാലു വയസ്സുള്ള മകന്‍ അബ്ദുള്‍ റഹിമാനാണ് ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്നത്. ഡോക്ടര്‍ക്കെതിരെ ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് രക്ഷിതാക്കള്‍. സംഭവത്തെക്കുറിച്ച് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ.
കുട്ടിയെ പനി കണ്ടതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ ഗവ:ഡോക്ടറുടെ വീട്ടില്‍ നടത്തുന്ന പരിശോധനക്കെത്തിച്ചത്. രോഗനിര്‍ണ്ണയം നടത്തിയ ഡോക്ടര്‍ ചിക്കന്‍പോക്‌സ് ആണ് എന്ന് പറയുകയും അതിനുള്ള മരുന്ന് കുറിക്കുകയും ചെയ്തു. ആ മരുന്ന് ഉപയോഗിച്ച് ഏതാനും ദിവസത്തിനുള്ളില്‍ ശരീരമാസകലം വിണ്ടുകീറി ദുര്‍ഗദ്ധം വമിച്ചു തുടങ്ങി. ശരിരത്തെ തൊലി മുഴുവന്‍ അടര്‍ന്ന് പോവുകയും കണ്ണ് തുറക്കാന്‍ പറ്റാതാവുകയും ചെയ്തു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ വീണ്ടും ഈ ഡോക്ടറെ തന്നെ കാണിച്ചു. അപ്പോള്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനാണ് നിര്‍ദ്ധേശിച്ചത്. ഇതു പ്രകാരം കുട്ടിയെ താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് അപകട സാധ്യത കൂടുതലാണെന്നും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുമാണ് അവിടെയുള്ള മറ്റു ഡോക്ടര്‍ മാര്‍ നിര്‍ദ്ധേശിച്ചത്.
നേരത്തേ പരിശോധിച്ച ഡോക്ടറും മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ പറഞതോടെ കുട്ടിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അതിനിടയല്‍ 2 കണ്ണുകളുടേയും കാഴ്ച നഷ്ടമായി. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ഡോക്ടറുടെ പിഴവാണ് കുട്ടിയുടെ അസുഖത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത്. നാലപ്പത് ദിവസം നീണ്ടുനിന്ന വിദഗ്ധ ചികില്‍സക്ക് ശേഷമാണ് കുട്ടി അപകട നില തരണം ചെയ്തത്. കണ്ണിന് കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സക്കായി കുട്ടിയെ പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ വലത് കണ്ണിന്റെ കണ്‍പോളകള്‍ മാറ്റിവെക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. ഇതോടെ പിതാവ് തന്നെ കുട്ടിക്ക് കണ്‍പോളകള്‍ നല്‍കി. രണ്ടു കണ്ണിന്റെയും ശസ്ത്രക്രിയ ഞായറാഴ്ചയാണ് പൂര്‍ത്തിയായത് .
അതേ സമയം കുഞ്ഞിന്റെയും രക്ഷിതാവിന്റെയും ദയനീയ സ്ഥിതിയുടെ പേരില്‍ പലരും തട്ടിപ്പ് നടത്തുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാണ് തട്ടിപ്പ് നടത്തിയത്. ഒരു രാഷ്ട്രിയ സംഘടന വലിയൊരു തുക ഇത്തരത്തില്‍ ഓപ്പറേഷന് നല്‍കിയതായി വീട്ടുകാരെ അറിയിച്ചതോടെയാണ് ഇതിന് പിന്നിലെ തട്ടിപ്പ് പുറത്തറിഞ്ഞത്. തങ്ങള്‍ക്ക് ഇതുവരെ അത്തരത്തില്‍ ഒരു സഹായവും ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ റംഷാദ് പറഞ്ഞു. കഴിഞ്ഞ 50 ദിവസത്തിലേറയായി നയാ പൈസ ദിവസ ചിലവിന് പോലും സംഘടിപ്പിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കുഞ്ഞിന്റെ വീട്ടുകാര്‍. ഈ അവസ്ഥയിലും ബാല്യത്തിന്റെ കുറുമ്പ് മാറാത്ത ആ ബാലനെ തിരുവനന്തപുരം കണ്ണാശുപത്രിയിലെ നല്ലവരായ നഴ്‌സുമാരും മറ്റ് രോഗികളെ കാണാന്‍ വരുന്ന മനസ്സലിഞ്ഞ ചിലരും കൈ വെള്ളയില്‍ മടക്കി കൊടുക്കുന്ന ചെറിയ സഹായമാണ് ഏക ആശ്രയം
https://www.facebook.com/Malayalivartha
























