'ജോലിക്കു വന്നാല്‍ കൊല്ലുമെന്ന് എസ്എഫ്‌ഐ! പുറത്തിറങ്ങാതെ ഞാന്‍ വീട്ടിലിരിക്കുന്നു'

എസ്എഫ്‌ഐക്കാരുടെ വധഭീഷണി നേരിടുന്ന കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടര്‍ ഡോ.ടി. വിജയലക്ഷ്മിയുടെ വാക്കുകള്‍. ജോലിക്കു പ്രവേശിച്ചാല്‍ കൊല്ലുമെന്നാണ് അവരുടെ ഭീഷണി. ജീവനില്‍ കൊതിയുള്ളതിനാല്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയാണിരിപ്പ്. വധഭീഷണി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയടക്കം ബന്ധപ്പെട്ട എല്ലാവര്‍ക്കും പരാതി നല്‍കി. ഒരു അധ്യാപിക എന്ന പരിഗണനപോലും സര്‍ക്കാര്‍ എന്നോടു കാട്ടിയില്ല '. സര്‍ക്കാരും പൊലീസും നീതി നിഷേധിച്ചതോടെ സഹായം അഭ്യര്‍ഥിച്ചു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ അധ്യാപിക. വിജയലക്ഷ്മിയുടെ വാക്കുകളിലൂടെ മാര്‍ച്ച് 30, എന്റെ ജീവിതത്തിലെ കറുത്തദിനം. സര്‍വകലാശാല കലോത്സവത്തിന്റെ അവസാന ഗഡുവായ ഏഴുലക്ഷം രൂപ ചട്ടവിരുദ്ധമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റംഗം എ.എ.റഹീമിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ സംഘത്തില്‍ നിന്നുണ്ടായ മാനസിക പീഡനം ഒരിക്കലും മറക്കാനാകില്ല.
ഇരുന്ന ഇരുപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും അനുവദിക്കാതെയായിരുന്നു അവരുടെ പീഡനം. തീവ്രവാദികള്‍പോലും ചിലപ്പോള്‍ മനസ്സലിവു കാട്ടും, എന്നാല്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞിട്ടുപോലും ഇവരുടെ മനസ്സലിഞ്ഞില്ല. 'ഡയറക്ടര്‍ എന്നു വച്ചാല്‍ വെറും ശിപ്പായി മാത്രമാണ്. കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല തീര്‍ത്തുകളയും കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ജീവന്‍ വേണേല്‍ ബില്‍ ഒപ്പിട്ടു തന്നേക്കണം അല്ലെങ്കില്‍ ശവമായിട്ടെ പുറത്തുപോകൂ, ഇനി ഈ പരിസരത്തു കണ്ടാല്‍ കൊന്നുകളയും' ഇതായിരുന്നു സിന്‍ഡിക്കറ്റംഗത്തിന്റെ വാക്കുകള്‍. ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന തന്നെ ശാരീരികമായും അവര്‍ കൈകാര്യം ചെയ്തു. തനിക്കു ചുറ്റും നിന്ന പെണ്‍കുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പിന്നെ പേനകൊണ്ടു മുതുകില്‍ കുത്തി വേദനിപ്പിച്ചു. ഒടുക്കം വനിതാ കൗണ്‍സിലറുടെ വകയായിരുന്നു പീഡനം. തുടര്‍ന്നു തന്നെയും വിസിയെയും ചേര്‍ത്തുള്ള അവിഹിതമാരോപിച്ചും ഇവര്‍ മാനസികമായി ഉപദ്രവിച്ചു. യൂണിയന്‍ ചെയര്‍പഴ്‌സന്‍ അഷിതയായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. ഈ കുട്ടി തന്റെ മുഖത്തു നോക്കി പല തവണ തെറിവിളിച്ചു. ശേഷം സ്ത്രീത്വത്തെ അപമാനിക്കും രീതിയില്‍ മണിക്കൂറുകളോളം അധിക്ഷേപിച്ചു. സഹതാപം തോന്നി എന്നെ രക്ഷിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും എസ്എഫ്‌ഐക്കാര്‍ വിരട്ടിയോടിച്ചു. സഹായിക്കാനെത്തിയ പൊലീസുകാരല്ലാം റഹീമിന്റെ വിരട്ടല്‍ ഭയന്നു പിന്‍മാറി. തുടര്‍ന്നു വിസിയെയും തന്നെയും ചേര്‍ത്ത് അവിഹിത ആരോപണം റഹീം വീണ്ടും ചര്‍ച്ചയാക്കി. പലതവണ അദ്ദേഹം അതുപറഞ്ഞ് അധിക്ഷേപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിസിയെ ഒഴിവാക്കിയതു ശരിയല്ലെന്നു ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതായിരുന്നു അവിഹിത ആരോപണങ്ങള്‍ക്കു കാരണം. ഒടുവില്‍ ഇവിടേക്കു മുന്‍ എംഎല്‍എ ശിവന്‍കുട്ടി കടന്നുവന്നു. ഈസമയം ഇവിടെ അവിഹിതമാണു സഖാവേ എന്ന് എസ്എഫ്‌ഐക്കാരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ചട്ടപ്രകാരം മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
ഇതിന്റെ വൈരാഗ്യമാണ് എസ്എഫ്‌ഐക്കാര്‍ക്ക്. കഴിഞ്ഞവര്‍ഷം തനിക്കെതിരെ ഇവര്‍ പോസ്റ്റര്‍ പതിച്ചു. പിന്നീട് ഓഫിസിലെ ബോര്‍ഡുകള്‍ അടിച്ചുതകര്‍ത്തു. എന്നിട്ടും ഞാന്‍ പിന്‍വാങ്ങില്ലെന്നു കണ്ടതോടെയാണു കൊല്ലുമെന്ന ഭീഷണി. വിസിയെ ഉപരോധിക്കുക മാത്രമായിരുന്നില്ല അവര്‍ ലക്ഷ്യമിട്ടത്. എന്നെ ആക്രമിക്കാനും പദ്ധതിയിട്ടു. വളരെ ആസൂത്രിതമായിട്ടായിരുന്നു നീക്കം. ഈ വിവരം എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട ഒരു വിദ്യാര്‍ഥിയാണു തന്നോടു പറഞ്ഞതെന്നും വിജയലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha
























