ഈ 'അമ്മ' കാവലിരുന്നിട്ടും വിധി ക്രൂരനായി പൊന്നോമനയെ തട്ടിയെടുത്തു...

ജനറല്‍ ആശുപത്രിയിലെ സെല്ലില്‍നിന്ന് പൊന്നോമനയെ വിധിക്രൂരമായി പീഡിപ്പിച്ച് മരണത്തിന് എറിഞ്ഞുകൊടുക്കുന്നത് കണ്ട് ഹൃദയം തകര്‍ന്ന് ഒരു അമ്മ. നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് ആ അമ്മ കാവലിരുന്നിട്ടും മരണക്കുരുക്കില്‍ നിന്നും മകനെ രക്ഷിക്കാനായില്ല. പേവിഷ ബാധിച്ച് ഒരു മരണം കൂടി...പേവിഷം കീഴടക്കി മരണത്തിലേക്ക് നടന്നടുത്ത അവസാന നിമിഷങ്ങളിലും മകനൊപ്പം നിഴലായുണ്ടായിരുന്നത് അമ്മയായിരുന്നു.
മങ്ങിയകലുന്ന ബോധം ഇടയ്ക്കിടെ തിരികെയെത്തുമ്പോള്‍ അമ്മനിഴല്‍ അരികിലില്ലെങ്കില്‍ അവന്‍ അക്രമാസക്തനാകും. അമ്മയെ കാണുമ്പോഴേ വിഭ്രാന്തി മാറും. പക്ഷെ ഏറ്റവും ഒടുവില്‍ അവന്‍ അക്രമസക്തനായി അമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ അമ്മയെ പുറത്തേക്കുകൊണ്ടു പോയി.

ഒരുനാള്‍ അടച്ചുറപ്പില്ലാത്ത വീടിന്റെ വാതില്‍ കടന്നുവന്ന തെരുവ് നായ്ക്കുഞ്ഞിനെ ലാളിക്കുക മാത്രമേ ചെയ്തുള്ളൂ കൊല്ലം പാരിപ്പള്ളി പറണ്ടവിളവീട്ടില്‍ മഞ്ജുവിന്റെ മകന്‍ ഇന്ദ്രജിത്ത് എന്ന പതിനൊന്നുകാരന്‍. ആ നായ്ക്കുട്ടി വന്നപോലെതന്നെ ആരോടും പറയാതെ പടിയിറങ്ങിപ്പോയി. ദിവസങ്ങള്‍ക്ക് ശേഷം വല്ലാത്ത ശാരീരികാസ്വാസ്ഥ്യം തോന്നിയ മകനെ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. കുടിക്കാന്‍ വെള്ളം കൊടുത്തപ്പോള്‍ എറിഞ്ഞുകളഞ്ഞു. വെള്ളത്തില്‍ പട്ടി നില്‍ക്കുന്നുവെന്ന് വെപ്രാളപ്പെടാന്‍ തുടങ്ങിയതോടെ മഞ്ജുവും ബന്ധുക്കളും കരച്ചിലായി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അവിടുന്നാണ് ജനറല്‍ ആശുപത്രിയിലെത്തിയത്.

തലച്ചോറില്‍ വിഷം ബാധിച്ചതിനാല്‍ ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പേപ്പട്ടി കാട്ടുന്നതുപോലെ അക്രമഭാവത്തിലേക്ക് ഇനി തെന്നിവീഴുമെന്ന ഡോക്ടര്‍മാരുടെ ഉപദേശം കൂടിയായതോടെ ആ അമ്മമനസ് തകര്‍ന്നടിഞ്ഞു. സെല്ലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മകന് മുന്നില്‍ ആ അമ്മ വെന്തുരുകി നിന്നു. ജീവിതപ്രാരാബ്ധങ്ങള്‍ ഒന്നൊന്നായി വേട്ടയാടുകയാണ് ഈ വീട്ടമ്മയെ. ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
കശുഅണ്ടി തൊഴിലാളിയായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ ജോലിയില്ല. മണ്ണുവച്ചുണ്ടാക്കിയ ഒരു മുറി വീട്ടിലാണ് താമസം. പാരിപ്പള്ളി അമൃത സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ഇന്ദ്രജിത്ത്. ഇളയസഹോദരന്‍ ഇന്ദ്രകൃഷ്ണ കര്‍ട്ടനിട്ട് മറച്ചിരിക്കുന്ന സെല്ലിന് പുറത്ത് കാത്തിരിക്കുകയായിരുന്നു ജ്യേഷ്ഠന്റെ തിരിച്ചുവരവിനായി. എല്ലാം പ്രതീക്ഷകളേയും എരിച്ചു കളഞ്ഞാണ് ഇന്ദ്രജിത്തിനെ മരണം കൂട്ടിക്കൊണ്ടു പോയത്.
https://www.facebook.com/Malayalivartha


























