പൊൻമുടിയിൽ വീണ്ടും പുലിയിറങ്ങി... വനപാലകർ ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല, സഞ്ചാരികൾ വനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്

വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ വീണ്ടും പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ പുലി മെർക്കിസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളി സുനിൽകുമാറിന്റെ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി. പുലിയെ വീട്ടുകാരും കണ്ടിരുന്നു.
പൊൻമുടിയിൽ വീണ്ടും പുലിയിറങ്ങിയ സാഹചര്യം മുൻനിറുത്തി വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. സഞ്ചാരികൾ വനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്. വനപാലകരുടെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം.
മൂന്ന് മാസമായി പൊൻമുടി മേഖലയിൽ പുലി ഭീതിപരത്തുകയാണ്. ആറ് നായ്ക്കളെ കൊന്നൊടുക്കി. നേരത്തേ പൊൻമുടി ഗവൺമെന്റ് യു.പി.എസ് സ്കൂൾ പരിസരത്തും പൊൻമുടി പൊലീസ് സ്റ്റേഷൻപരിസരത്തും പുലിയിറങ്ങി ഭീതിപരത്തിയിട്ടുണ്ടായിരുന്നു.
കല്ലാർ പൊൻമുടി റൂട്ടിൽ പുലിയുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരികയാണ്.പുലിയുടെ സാന്നിദ്ധ്യം ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.പൊൻമുടിയിൽ ഇപ്പോൾ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. പുലിശല്യത്തിൽ ആദിവാസികളും ബുദ്ധിമുട്ടിലാണ്. വിതുര ജഴ്സിഫാമിലും നേരത്തേ പുലിയിറങ്ങിയിരുന്നു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും സാധിച്ചില്ല. ഇവിടെ അനവധി വീടുകളിൽ നിന്നും വളർത്തുനായ്ക്കളെ പിടികൂടികൊണ്ടുപോയിരുന്നു.
പൊൻമുടിയിൽ വീണ്ടും പുലിയെത്തിയതോടെ വനപാലകർ ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനപാലകർ അറിയിച്ചു. പുലിയുടെ സാന്നിദ്ധ്യം മുൻനിറുത്തി സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
"https://www.facebook.com/Malayalivartha


























