ജനറിക് പേര് നല്‍കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

രോഗികള്‍ക്ക് മരുന്നിന്റെ ജനറിക് പേരുകള്‍ മാത്രമേ കുറിച്ച് നല്‍കാവൂ എന്നും ഇതു ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. മെഡിക്കല്‍ കൗണ്‍സില്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം ബാധകമാണ്. മരുന്നുകളുടെ ജനറിക് പേരിനു പകരം കമ്പനികളുടെ പേര് നല്‍കുന്നത് സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
മരുന്നുകമ്പനികളും ഡോക്ടര്‍മാരും തമ്മില്‍ നിലനില്‍ക്കുന്ന രഹസ്യബന്ധവും ഇതിനു പിന്നില്‍ ഉണ്ടെന്ന് ആക്ഷേപമുണ്ടായ സാഹചര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. മരുന്നുകളുടെ ജനറിക് പേര് വലിയ അക്ഷരത്തില്‍ വ്യക്തമായി എഴുതണമെന്നാണ് വ്യവസ്ഥ കൊണ്ടുവന്നത്.
ഏതെങ്കിലും ഡോക്ടര്‍ ഇതു ലംഘിച്ചെന്ന് കണ്ടാല്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കൗണ്‍സില്‍ ഇന്ത്യന്‍ മെഡിക്കല്‍ രജിസ്ട്രിയില്‍നിന്ന് അയാളുടെ പേര് ഒഴിവാക്കണം. ഇതുസംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍/ ഡീന്‍മാര്‍ എന്നിവര്‍ക്കും സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്, ആരോഗ്യ സെക്രട്ടറിമാര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് ഇതിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























