ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്

മലയാളികളുടെ പ്രിയകലാകാരന്‍ കലാഭവന്‍ നവാസ് ഓര്‍മ്മയായെങ്കിലും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്നും മായാതെ നില്‍ക്കുകയാണ്. ഇപ്പോഴിതാ, ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച നൊമ്പരക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
എല്ലാ പെരുന്നാള്‍ ദിനത്തിലും പള്ളിയില്‍ നിന്ന് ഇറങ്ങിയ ശേഷം നവാസ് മക്കളെ കൂട്ടിക്കൊണ്ടുപോകാറുള്ള ഒരു കടവിനെക്കുറിച്ചാണ് വിഡിയോയോടൊപ്പം കുറിച്ചത്. 'എല്ലാ ഈദിനും പള്ളിയില്‍ നിന്ന് ഇറങ്ങിയ ശേഷം വാപ്പിച്ചി ഞങ്ങളെ ഈ കടവിലേക്ക് കൊണ്ടുവരും. കഴിഞ്ഞ ഈദ് ഞാന്‍ ഇവിടെ വന്നപ്പോള്‍ എടുത്ത വീഡിയോയാണിത്. ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി. നിങ്ങള്‍ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്.'
വാപ്പിച്ചിയുടെ അക്കൗണ്ട് നിശബ്ദമായി കിടക്കുന്നത് കാണുമ്പോള്‍ നെഞ്ചിലൊരു ഭാരമാണെന്നും അതുകൊണ്ടാണ് ഇടയ്ക്കിടെ ഓരോ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതെന്നും മക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ആ അക്കൗണ്ടില്‍ പുതിയൊരു കുറിപ്പ് വരുമ്പോള്‍ വാപ്പച്ചി ഇന്നും സജീവമാണെന്ന് തോന്നും. ആ തോന്നലാണ് തങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കുന്നതെന്നും മക്കള്‍ പറയുന്നു.
'വീട്ടില്‍ ഇന്നും വാപ്പച്ചിയുടെ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അത് അലക്കാന്‍ കിട്ടുമ്പോള്‍ അദ്ദേഹം കൂടെയുണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നു. ഇതെല്ലാം ചെയ്യുന്നത് വാപ്പച്ചിക്ക് വേണ്ടിയല്ല, മറിച്ച് അദ്ദേഹം തങ്ങളോടൊപ്പം ഇന്നും ജീവിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിക്കാനാണ്' മക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























