തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി നീക്കവുമായി എൽഡിഎഫ്. മുൻ മന്ത്രി ആന്റണി രാജുവിന് കോടതി വിലക്ക് വന്ന സാഹചര്യത്തിൽ, നടൻ സുധീർ കരമനയെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്. സി.പി.ഐ.എമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായാണ് സൂചന. തിരുവനന്തപുരം സെൻട്രൽ നിലനിർത്താൻ കരുത്തുറ്റ ഒരു പൊതുസമ്മതൻ വേണമെന്ന എൽഡിഎഫ് തീരുമാനമാണ് സുധീർ കരമനയിലേക്ക് എത്തിയത്.
ആന്റണി രാജു നിർദ്ദേശിച്ച പാർട്ടി പ്രതിനിധികളുടെ പേരുകൾ സി.പി.ഐ.എം തള്ളിയതോടെയാണ് പുതിയ മുഖത്തെ തേടിയത്. കരമന ജനാർദ്ദനൻ നായരുടെ മകൻ എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും തിരുവനന്തപുരത്തുകാർക്ക് സുപരിചിതനായ സുധീർ കരമനയുടെ പ്രതികരണം അനുകൂലമാണെന്നാണ് വിവരം.
ആന്റണി രാജുവും സി.പി.ഐ.എമ്മും തമ്മിൽ സ്ഥാനാർത്ഥി കാര്യത്തിൽ നിലവിൽ ഭിന്നതകളില്ല. മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള ആന്റണി രാജുവിന്റെ പിന്തുണ കൂടി ഉറപ്പാക്കി വോട്ടർമാരെ സ്വാധീനിക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന. സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറ്റാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha























