വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവും..കെ.സുധാകരന് കണ്ണൂരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വേണ്ടി..ഹൈക്കമാന്റിൽ നിർണായക സ്വാധീനം ചെലുത്തി..

കെ.സുധാകരന് കണ്ണൂരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വേണ്ടിയാണെന്ന വിശ്വാസത്തിലാണ് കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം. ഇതിനായി കോൺഗ്രസ് ഹൈക്കമാന്റിൽ നിർണായക സ്വാധീനം ചെലുത്തിയത് വി.ഡി. സതീശനാണെന്നും പ്രവർത്തകർ വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിൽ വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവും. കേരളത്തിൽ ഭരണം ലഭിച്ചാൽ വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് മുമ്പ് ചർച്ചകൾ നടത്തും എന്ന് ഹൈക്കമാന്റ് കെ.സുധാകരന് ഉറപ്പുനൽകിയതായി സൂചനയുണ്ട് . കെ. സുധാകരന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് വി ഡി. സതീശനാണെന്ന ധാരണ സുധാകരനുമുണ്ട്.
ഒരു ഘട്ടത്തിൽ രമേശ് ചെന്നിത്തല സുധാകരന് വേണ്ടി ഇടപെട്ടെങ്കിലും സതീശന്റെ പിടിവാശിക്ക് മുമ്പിൽ ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു. ഇത്തരം ഒരു ഉറപ്പിലാണ് സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയാവാനുള്ള തീരുമാനം പിൻവലിച്ചതെന്ന് മനസിലാക്കുന്നു. ഒരു ഘട്ടത്തിൽ പിണറായിക്കെതിരെ വേണമെങ്കിലും മത്സരിക്കാൻ താൻ തയ്യാറാണെന്ന് സുധാകരൻ ഹൈക്കമാന്റിന് ഉറപ്പുനൽകിയിരുന്നു. സുധാകരനെ മുമ്പ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതും സതീശന്റെ ഇടപെടൽ വഴിയാണ്. ഡൽഹിയിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തിയ സുധാകരൻ എന്തു പറയും എന്ന കാര്യത്തിൽ വിസ്മയങ്ങൾ ബാക്കിയാണ്. കെ. സുധാകരന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇളവ് നൽകാൻ ഒരു ഘട്ടത്തിൽ ഹൈക്കമാന്റ് തീരുമാനിച്ചതോടെ തനിക്കും മത്സരിക്കണമെന്ന ആവശ്യം അടൂർ പ്രകാശ് ഉന്നയിച്ചു..
ഹൈക്കമാൻഡ് മുമ്പ് നിലപാട് മാറ്റില്ലെന്ന് കരുതി മത്സരിക്കില്ലെന്ന് വൈകാരികമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അടൂർ പ്രകാശ് സുധാകരന് മുന്നിൽ നേതൃത്വം വഴങ്ങുന്നുവെന്ന് കണ്ടതോടെയാണ് നിലപാട് കടുപ്പിച്ചത്. അടൂർ പ്രകാശ് രംഗത്തെത്തിയതും സുധാകരന് വിനയായി. മത്സരിക്കണമെന്ന ആവശ്യം അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. കെ. സുധാകരനുള്ള അർഹത തനിക്കുമുണ്ടെന്നാണ് അടൂർ പ്രകാശ് വാദിക്കുന്നത്. കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും അതിന് താൻ ഉത്തരവാദിയാകില്ലെന്നും അടൂർ പ്രകാശ് ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം.നേരത്തെ ശശി തരൂർ, എംകെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യമുണ്ടായിരുന്നു.
കൂടുതൽ എംപിമാർ മത്സരിക്കാൻ ആവശ്യമുന്നയിച്ചപ്പോഴാണ് എംപിമാർ ആരും മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിയത്.എന്നാൽ, കണ്ണൂർ സീറ്റിലേക്ക് കെ. സുധാകരന്റെ പേരും ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് അടൂർ പ്രകാശ് മതസരിക്കാനുള്ള ആഗ്രഹം വീണ്ടും ശക്തമാക്കിയത്. ഹൈക്കമാൻഡിന് ഇദ്ദേഹം സന്ദേശമയച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകിയ സൂചന. കെ. സുധാകരന് മത്സരിക്കാൻ അനുമതി നൽകിയാൽ തനിക്കും മത്സരിക്കാൻ അനുമതി നൽകണമെന്നാണ് അടൂർ പ്രകാശ് ആവശ്യപ്പെടുന്നത്. എം.പിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന പൊതു നിലപാടിന്റെ ഭാഗമായാണ് തന്നെ മാറ്റിനിർത്തിയത്. ഇത് മാറ്റുമ്പോൾ തന്നെയും പരിഗണിക്കണം എന്നായിരുന്നു ആവശ്യം.
കോന്നിയിൽ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കെ.എസ്.യു കാലം മുതൽ താൻ കോൺഗ്രസിനൊപ്പമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ കോന്നി സീറ്റിൽ തനിക്കും അർഹതയുണ്ടെന്നാണ് അടൂർ പ്രകാശ് മുന്നോട്ടുവയ്ക്കുന്ന വാദം.അതേസമയം, എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നാൽ കൂടുതൽ എംപിമാർ മത്സരിക്കണമെന്ന ആവശ്യവുമായി വീണ്ടുമെത്തുമെന്ന് ഹൈക്കമാന്റ് സുധാകരനെ അറിയിച്ചു. അത് സ്ഥാനാർഥി നിർണയത്തെ ബാധിക്കും. ഇന്നലെ രാവിലെ 10 മണിയോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സുധാകരൻ വഴങ്ങാതെ നിന്നതോടെയാണ് ഹൈക്കമാൻഡ് പ്രതിസന്ധിയിലായത്.
അടൂർ പ്രകാശും മത്സരിക്കാനുള്ള ആവശ്യം മുന്നോട്ടുവെച്ചതോടെ സ്ഥാനാർഥി നിർണയം വൈകി.പിണറായിയെ എതിർക്കുന്നവരെ ഒതുക്കുക എന്നത് കോൺഗ്രസിന്റെ ഒരു പതിവായി മാറിയിരിക്കുന്നു. ചെന്നിത്തലയെ ഒതുക്കി കയറ്റതിന് തൊടുപിന്നാലെയെത്തിയ സതീശൻ ആരെയും പിണക്കാത്ത നോൺ അഗ്രസീവായ നിലപാടാണ് സ്വീകരിക്കുന്നത്. അതിനാൽ പിണറായിക്ക് ഉൾപ്പെടെ ആർക്കും സതീശനോട് ഒരു പരാതിയുമില്ല. ഡൽഹിയിൽ കടുത്ത പിടിപാടാണ് പിണറായിക്ക് കോൺഗ്രസിൽ ഉള്ളത്. എം.എ ബേബിയെ പോലൊരു ജൂനിയർ അഖിലേന്ത്യാ സെക്രട്ടറിയായതോടെ രാഹുൽ ഗാന്ധിക്ക് പിണറായിയെ ഒഴിവാക്കാൻ കഴിയാതെയായി. രാഹുൽ ഇപ്പോൾ ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് പിണറായിയുമായിട്ടാണ്.
തന്നെ നിരന്തരം അപമാനിക്കുന്ന സുധാകരനെ മാറ്റണമെന്ന ആഗ്രഹം നേരത്തെ പിണറായിക്കുണ്ട്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും വെട്ടിമുറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വിശ്വസിക്കുന്നവരാണ് ചെന്നിത്തലയുടെ വിശ്വസ്തർ. പിണറായിക്ക് രാഹുൽ ഗാന്ധിയിലും കോൺഗ്രസ് ഹൈക്കമാൻറിലുമുള്ള അവർണനീയമായ സ്വാധീനം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർ കരുതുന്നു. ഇതോടെ ചെന്നിത്തല ഒന്നും മിണ്ടാതായി. അങ്ങനെ കോൺഗ്രസിൻറെ തകർച്ച പൂർണമായി. പ്രതിപക്ഷ നേതാവ് സതീശൻറെ ആദ്യ പത്ര സമ്മേളനത്തിൽ തന്നെ അദ്ദേഹം സർക്കാരിന് തൻറെ പിന്തുണ പ്രഖ്യാപിച്ചത് ഒത്തുകളിയുടെ ഭാഗമാണെന്ന് എല്ലാവരും കരുതി. തന്നെയും തൻറെ മന്ത്രിസഭയെയും 5 കൊല്ലം മുൻമുനയിൽ നിർത്തിയത് ചെന്നിത്തലയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങൾ കൊണ്ടുവന്നു തന്നെ പ്രതിസന്ധിയിലാക്കി. അതിന് പണി കൊടുക്കാൻ അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു.
തലമുറമാറ്റം എന്ന ലൈൻ ഹൈക്കമാൻറ് മുന്നോട്ടുവച്ചത് ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പുറത്താക്കാൻ വേണ്ടിയാണ്.അത് അറിഞ്ഞിട്ടും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിഞ്ഞില്ലെന്ന് നടിച്ചു. വി ഡി സതീശനെ 51 വെട്ടുകൾ മറികടന്ന് പ്രതിപക്ഷനേതാവാക്കിയത് ഹൈക്കമാൻറ് നേരിട്ടാണ് . പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ മഴ തിമിർക്കുകയായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് പറയുന്നതെങ്കിലും അതിന് അടിസ്ഥാനമായ തെളിവുകൾ അക്കാര്യം പറയുന്നവർക്ക് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമായിരുന്നു. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം വന്നത്.
കെ സി വേണുഗോപാലും പിണറായിയും ഏറെ അടുപ്പം പുലർത്തുന്ന കണ്ണൂർ നേതാക്കളാണ്. കണ്ണൂരിലെ കോൺഗ്രസിൽ സുധാകരൻ മാത്രമാണ് പിണറായിക്ക് ശത്രു. കിട്ടുന്ന സ്ഥലങ്ങളിലെല്ലാം സുധാകരനിട്ട് പണിയാൻ പിണറായി ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് ചരടുവലിക്കുന്നത് പിണറായിയുടെ ഡൽഹിയിലെ ദൂതനായ ജോൺ ബ്രിട്ടാസാണ്. രാഹുൽ ഗാന്ധിയുമായി പിണറായിയുടെ ദൂതുകൾ ബ്രിട്ടാസ് പങ്കുവയ്ക്കാറുണ്ട്. എം എ ബേബിയെക്കാൾ രാഹുലിന് ബന്ധമുള്ളത് ബ്രിട്ടാസുമായിട്ടാണ്. 2021 ൽ പ്രതിപക്ഷ നേതാവാകാൻ ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി സമ്മർദ്ദം ശക്തമാക്കിയപ്പോൾ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും പറഞ്ഞിരുന്നു. .
അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാൻഡിനോട് പറഞ്ഞത്. എന്നിട്ടും ഫലമുണ്ടായില്ല. കാരണം അതിനപ്പുറമായിരുന്നു പിണറായിയുടെ ബലം.കഴിഞ്ഞ ഏതാനും വർഷങ്ങളായി ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ നടത്താനാവാതെ വിഷമിക്കുകയായിരുന്നു സുധാകരൻ.പിണറായിയോട് ആരെല്ലാം സന്ധി ചെയ്താലും സുധാകരന് അതിന് കഴിയില്ല. സുധാകരൻെറത് കണ്ണൂരിൻ്റെ ശത്രുതയാണ്. മാത്യു കുഴൽനാടന് പിന്നിൽ സുധാകരനാണ് ഉള്ളതെന്ന് പിണറായിക്കറിയാം.സുധാകരനെ ഒതുക്കാൻ സതീശന് കഴിയില്ലെന്ന് പിണറായിക്ക് അറിയാമെങ്കിലും അദ്ദേഹം ശ്രമിച്ചു നോക്കിയതാണ്.സുധാകരനും സതീശനുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത് അവരെ ഒതുക്കാൻ വേണ്ടിയാണ്.
എന്നാൽ മുഖ്യമന്ത്രിയോട് പറഞ്ഞേരെ, ഞാൻ പേടിച്ച് പോയെന്ന് എന്ന പേരിൽ ഫ്ലക്സ് സ്ഥാപിച്ച സതീശൻ പതിയെ പിന്തിരിഞ്ഞു. സതീശൻ ഭയന്നതാണോ അതോ വിരട്ടിയതാണോ എന്ന് ഇനിയും രാഷ്ട്രീയ കേരളത്തിന് മനസിലായിട്ടില്ല. മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന സതീശനെ സംബന്ധിച്ചടത്തോളം ഇമേജ് ഒരു വലിയ കെണിയാണ്. താൻ അഴിമതിക്കാരനാണെന്ന് അറിയപ്പെടാൻ ഒരിക്കലും സതീശൻ ആഗ്രഹിക്കുന്നില്ല.എന്നാൽ കെ.സുധാകരൻ്റെ കാര്യം അങ്ങനെയല്ല. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന മട്ടിലാണ് സുധാകരൻ സംസാരിക്കുന്നത്. മാത്യു കുഴൽ നാടൻ ചാവേറാകും എന്നറിഞ്ഞിട്ടും അദ്ദേഹത്തെ രംഗത്തിറക്കിയ സുധാകരന് ഒന്നുറപ്പുണ്ട്; പിണറായിയെ എതിർക്കുന്നവൻ കേരളത്തിൽ ജയിക്കും. അതാണ് പതിവ്.
അങ്ങനെ സതീശനെക്കാൾ ഇമേജ് കുഴൽനാടനുണ്ടായി. ചിന്നക്കനാൽ ഭൂമി ഇടപാടൊന്നും ഏശിയതു പോലുമല്ല. കുഴൽനാടനെതിരെ സംസാരിക്കുന്നവർ ശത്രുക്കളാകും എന്നതായി അവസ്ഥ.കുഴൽനാടന് സമൂഹമാധ്യമത്തിലും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. വീണാ വിജയൻെറ മാസപ്പടി അന്വേഷിക്കാത്തവർ കുഴൽനാടനെ പിടിക്കാനിറങ്ങിയതിൽ ജനം പുച്ഛിച്ച് ചിരിച്ചു.പിണറായിയെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി തുറന്ന് കാട്ടിയ വ്യക്തിയാണ് മാത്യു എന്നാണ് സുധാകരൻ പറയുന്നത്. നിയമസഭയില്‍ ചാട്ടുളിപോലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ മുഖ്യമന്ത്രി മാത്യുവിനെതിരെ ആക്രോശിച്ചത് നാം കണ്ടതാണ്. പ്രതികാരബുദ്ധിയാണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും നയിക്കുന്നത്. വീണയെയും മുഖ്യമന്ത്രിയെയും സമൂഹ മധ്യത്തിൽ തുറന്നുകാണിച്ചത് സുധാകരന്റെ നേതൃത്വത്തിൽ മാത്യു കുഴൽ നാടനാണ്.മുഖ്യമന്ത്രിയെ പേടിക്കാത്ത ഒരേ ഒരാൾ സുധാകരൻ മാത്രമായിരുന്നു
. തനിക്കെതിരായ ആരോപണങ്ങളെ നേടാൻ പിണറായി രാഹുൽ ഗാന്ധിയെ സ്വാധീനിച്ചപ്പോഴും അതിന് വഴിപ്പെടാതെ നിന്നത് സുധാകരൻ മാത്രമാണ്. ഒരു ഘട്ടത്തിൽ ഇന്ത്യാ മുന്നണി നേതാവായ പിണറായിക്കെതിരെ അതിരൂക്ഷമായ കലാപം ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി പോലും പറയുകയുണ്ടായി. എന്നാൽ ഒടുവിൽ ഇതേ രാഹുൽ ഗാന്ധി സത്യം തിരിച്ചറിയുകയും സുധാകരന്റെ വഴിയാണ് ശരിയെന്ന് മനസിലാക്കുകയും ചെയ്തു. എന്നിട്ടും സുധാകരനെ കെ.പി.സി. സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി. അതിന്റെ ക്രെഡിറ്റ് പിണറായിക്കും സതീശനും തന്നെ ലഭിച്ചു.കണ്ണൂരിൽ സുധാകരനെ തോർപ്പിക്കാൻ സംഘടിതമായ ശ്രമമാണ് നടന്നത്. സുധാകരന് രോഗമാണെന്ന വാർത്തക്ക് വലിയ പ്രചരണം നൽകി. സുധാകരൻ ജയിച്ചിട്ട് കാര്യമില്ലെന്ന് കണ്ണൂരിലെ കോൺഗ്രസുകാർ കൂട്ടത്തോടെ പറഞ്ഞു. ഇത് പിണറായിയുടെ തന്ത്രമായിരുന്നു. സുധാകരനെ ഒരുക്കിയാൽ കുഴൽനാടനെ ഒതുക്കാമെന്നും അങ്ങനെ വന്നാൽ തനിക്ക് പൂർവ്വാധികം ഭംഗിയായി അഴിമതി നടത്താമെന്നും പിണറായി കരുതി. ഇതാണ് ജയിച്ചത്.
സുധാകരൻ പോയാൽ പിണറായി ജയിക്കും. കെ പി സി സി അധ്യക്ഷപദവിയിലെത്തുന്ന നവാഗതൻ ആരെയും പിണക്കാതെ മുന്നോട്ടു പോയതിനാൽ പിണറായി മൂന്നാമതും അധികാരത്തിലെത്തുമെന്ന് പ്രവചനമുണ്ടായി.കേരളത്തിൽ അധികാരത്തിലെത്താൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും പിണറായിക്ക് മുകളിൽ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്. ഡൽഹിയിൽ പിണറായിയും രാഹുലും ഒന്നാണ്. എന്നാൽ പിണറായിക്ക് ഇക്കാര്യത്തിലും മേൽക്കോയ്മയുണ്ട്. രാഹുൽ ഗാന്ധി പറയുന്നതുപോലൊന്നും പിണറായി പ്രവർത്തിക്കാറില്ല. രാഹുലിനെ കിട്ടുന്ന വേദിയിലൊക്കെ തട്ടികളിക്കാനും പിണറായി ശ്രമിക്കാറുണ്ട്. എന്നാൽ പിണറായിയെ പോലൊരു നേതാവിനെ തള്ളിപറയാൻ രാഹുൽ ഗാന്ധി തയ്യാറല്ല.
സുധാകരൻ മത്സരിച്ചിരുന്നെങ്കിൽ കണ്ണൂർ മാത്രമല്ല സമീപ മണ്ഡലങ്ങളും കോൺഗ്രസിന് ലഭിക്കുമായിരുന്നു. സുധാകരനെ ഒരുക്കിയതിലൂടെ കണ്ണൂരിൽ സിപിഎമ്മിന്റെ അപ്രമാദിത്വം ഉറപ്പായി. പയ്യന്നൂരിൽ കുഞ്ഞുകൃഷ്ണനെ പോലുള്ളവരിലാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് എത്ര വിജയിക്കുമെന്ന് കണ്ടറിയണം. സുധാകരനെ നിരാശ നാക്കിയതിലൂടെ കോൺഗ്രസ് പ്രവർത്തകരാണ് നിരാശരായത്. കെ പി സി സി അധ്യക്ഷ സ്ഥാനം നഷ്ടമായപ്പോൾ സുധാകരൻ അനുഭവിച്ച അതേ മാനസിക വ്യഥയാണ് അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്നത്. തീർച്ചയായും അതിന് കോൺഗ്രസ് നേതൃത്വം മറുപടി പറയേണ്ടിവരും. എന്നാൽ സുധാകരൻ ഉൾപ്പെടെയുള്ള എം പിമാർ മത്സരിച്ചാൽ അത് ഉപ തിരഞ്ഞടുപ്പിന് കാരണമാകുമെന്നും അത് ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമാകുമെന്നാണ് കോൺഗ്രസ് നേത്യത്വം കരുതുന്നത്.
സുധാകരൻ്റെ പണി തീർക്കാൻ കുറെ നാളായി സിപിഎം ശ്രമിച്ചു വരികയാണ്. വി.ഡി.സതീശനോട് ഇവർക്ക് വിരോധമില്ല. സി പി എമ്മിനെ നോവിപ്പിക്കുന്ന തരത്തിൽ ഒരിക്കലും സതീശൻ പെരുമാറാറില്ല. മുഖ്യമന്ത്രിയെയും കണ്ണൂരിലെ സി പി എം നേതാക്കളെയും നിരന്തരം അപഹസിക്കുന്ന കെ സുധാകരനെ ഇല്ലാതാക്കി കേസിൽ കുരുക്കിയാൽ അത് പാർട്ടിക്ക് ഗുണകരമാകുമെന്ന് സി പി എം കരുതുന്നു. സതീശനാകട്ടെ പിണറായിയെ കൊല്ലാൻ നടക്കുന്ന കുഴൽനാടനെ പോലും അനുകൂലിക്കുന്നില്ല.കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് സി പി എം കുറ്റപ്പെടുത്തിയതിൻ്റെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. സുധാകരൻ പ്രകോപനം സൃഷ്ടിക്കുന്നു. ഇതുവരെ 21 പേരുടെ കൊലപാതകം നടന്നു. ഇനിയെങ്കിലും കോൺഗ്രസ് കൊലക്കത്തി താഴെ വെക്കണം. കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ
കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് കോൺഗ്രസിന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും സി പി എം ചോദിച്ചിരുന്നു.മുഖ്യമന്ത്രിക്ക് എതിരായ വിമാന ആക്രമണം സുധാകരൻ്റെ പദ്ധതിയാണെന്ന് വരുത്തി തീർക്കാൻ സി പി എം ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തെളിവുകൾ കിട്ടാത്തതായിരുന്നു കാരണം. സുധാകരനുമായി ബന്ധമുണ്ടെന്ന് പോലീസ് കരുതുന്ന യൂത്ത് കോൺഗ്രസുകാരനെ അറസ്റ്റ് ചെയ്ത് സുധാകരനെ കുരുക്കാനും നീക്കം നടന്നു.എന്നാൽ പ്രതിസന്ധി ഘട്ടത്തിലൊന്നും കോൺഗ്രസ് നേതൃത്വം സുധാകരന് ഒപ്പം നിന്നില്ല. അതാണ് ഇപ്പോൾ നടന്നതും.
https://www.facebook.com/Malayalivartha























