വെള്ളായണി ദേവീക്ഷേത്രത്തിലെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന കാളിയൂട്ട് ഉത്സവത്തിന് ഇന്ന് സമാപനം

വെള്ളായണി ദേവീക്ഷേത്രത്തിലെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള പറണേറ്റ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ രാത്രി 12.30നു മേല്‍ നടന്നു. ഏകദേശം 60 അടിയോളം ഉയരമുള്ള തെങ്ങിലും കമുകിലുമായി തീര്‍ത്ത് പുഷ്പഹാരങ്ങള്‍ കൊണ്ടും പൂക്കള്‍കൊണ്ടും വര്‍ണവിളക്കുകള്‍ കൊണ്ടും അലങ്കരിച്ച പറണില്‍ നിന്നു ദേവി ദാരികനുമായി ഏഴ് ആകാശപ്പോരുകള്‍ നടത്തിയത് ഒരുപോള കണ്ണടയ്ക്കാതെയാണു ഭക്തജനങ്ങള്‍ വീക്ഷിച്ചത്.
ഇന്നലെ വൈകിട്ട് ഏഴിനു ദീപാരാധനയ്ക്കു ശേഷം കാലന്‍പുറപ്പാട് നടന്നു. ഇതിനുശേഷമാണ് പറണേറ്റ് ആരംഭിച്ചത്. കായിക്കര തെക്കതില്‍ കൊടുതി കഴിഞ്ഞു വാത്തി പറണിനു മുന്നിലെത്തി മൂന്നു വലം വച്ചശേഷം പള്ളിപ്പലകയില്‍ ദേവിയെ ഇരുത്തി.
തുടര്‍ന്ന് ആചാരപരമായി വിളക്കു കത്തിച്ചു പറണിനു മുകളിലെത്തിച്ചു. ഇതിനു ശേഷം പീഠവും പിന്നെ ചെണ്ടമേളങ്ങളുടെയും വായ്ക്കുരവയുടെയും അകമ്പടിയോടെ തങ്കത്തിരുമുടിയും പറണിനു മുകളില്‍ എത്തിച്ചു.
ദേവി കഴിഞ്ഞ ദിവസങ്ങളില്‍ ഇരുന്ന അണിയറപ്പന്തല്‍ പൊളിച്ചു ദാരികനും സംഘവും ചെറിയ പറണില്‍ കയറിയതോടെയാണ് ആകാശപ്പോര് ആരംഭിച്ചത്. ഇവിടെവച്ച് ആകാശമാര്‍ഗം ദേവിയും ദാരികനും തമ്മില്‍ ഏഴ് പോരുകള്‍ നടത്തി. ഇതു ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അനവധിപേര്‍ എത്തിയിരുന്നു.
ഇന്നു രാവിലെ എട്ടുമണിമുതല്‍ നിലത്തില്‍പ്പോര് ആരംഭിക്കും. ഭൂമിയില്‍ നീണ്ട ഏഴു പോരുകള്‍ക്കൊടുവില്‍ ദാരികനെ നിഗ്രഹിക്കുന്ന ദേവി വൈകിട്ട് ആറാട്ടിനു ശേഷം താലപ്പൊലിയുടെ അകമ്പടിയോടെ അകത്തെഴുന്നെള്ളും. ഇത്തവണ നിറപറ വീടുകളുടെ എണ്ണം കൂടിയതു കാരണം 68 ദിവസമാണ് ഉത്സവം നീണ്ടത്. ഇതിന്റെ അവസാന പത്തുദിവസം ക്ഷേത്രമുറ്റത്തും മൈതാനിയിലുമായി നടന്ന ഉത്സവത്തിനു വന്‍ ഭക്തജനപങ്കാളിത്തമാണ് ഉണ്ടായത്.
വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും സംഗീതവിരുന്നുകളും ഒരുക്കിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ആചാരപ്രകാരം ഒരുക്കിയിരുന്ന മാറ്റുവീശും പപ്പരുകളിയും ആസ്വദിക്കാന്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. 68 ദിവസം നീണ്ട കാളിയൂട്ട് ഉത്സവത്തിനിടെ ദേവിയുടെ തങ്കത്തിരുമുടി തലയില്‍ എഴുന്നെള്ളിയുള്ള എട്ട് കളങ്കാവലുകളും നടന്നു. പ്രസിദ്ധമായ കച്ചേരിനട എഴുന്നള്ളിപ്പും അശ്വതി പൊങ്കാലയും ഇതിന്റെ ഭാഗമായി നടന്നു. വിഷുദിനത്തില്‍ കൊടിയേറി പത്തുദിവസം നീണ്ട ഉത്സവം മേടപ്പത്തായ ഇന്നു സമാപിക്കും.
https://www.facebook.com/Malayalivartha

























