തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിക്ക് മരുന്നു നല്‍കിയത് മാനസിക രോഗത്തിന്

തൊണ്ട വേദനയ്ക്ക് ആശുപത്രിയിലെത്തിയ തനിക്കു ഡോക്ടര്‍ മാനസിക രോഗത്തിനുള്ള മരുന്നു മാറി നല്‍കിയെന്ന പരാതിയുമായി യുവതി രംഗത്ത്. അറക്കുളം സ്വദേശിനിയായ ടെസിടോമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ല.
തൊണ്ടമുഴയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം ഇരുപത്തിമൂന്നാം തീയതി കടുത്ത തൊണ്ട വേദന ഉണ്ടായതിനെ തുടര്‍ന്ന് തൊടുപുഴയിലെ ഒരു സ്വകാര്യ ക്ലീനിക്കിലെത്തി ഡോക്ടറെ കണ്ടു.
രോഗവിവരങ്ങള്‍ പറയുകയും നേരത്തെ ചികിത്സിച്ചതിന്റെ രേഖകള്‍ കാണിക്കുകയും ചെയ്തു. വിശദമായ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ മൂന്നു മരുന്നുകള്‍ നല്‍കുകയും എട്ട ദിവസം കഴിച്ചശേഷം വരാനും കഴിക്കുമ്പോള്‍ ക്ഷീണം ഉണ്ടാകുമെന്നും പറഞ്ഞു വിട്ടു.
ഒരു ദിവസം മരുന്നു കഴിച്ചപ്പോള്‍ തന്നെ ക്ഷീണം അനുഭവപ്പെടുകയും വേദന മൂലം കണ്ണുകള്‍ തുറക്കാനാവാതെ വരുകയും മുഖത്ത് നീരുണ്ടാകുകയും ചെയ്തു. ഇതോടെ വേറെ ഡോക്ടറെ പോയി കാണുകയും മരുന്നുകള്‍ കാണിച്ചപ്പോള്‍ നിങ്ങള്‍ മാനസിക രോഗത്തിനാണോ മരുന്ന് വാങ്ങിയതെന്ന് ചോദിക്കുകയുണ്ടായി. ഇതില്‍ ഒന്നാമത്തെ മരുന്ന് വയറ്റിലുണ്ടാകുന്ന എരിച്ചിലിനും രണ്ടാമത്തേത് അപസ്മാരത്തിനും മൂന്നാമത്തേത് മാനസിക രോഗത്തിനുമുള്ളതാണ് മനസ്സിലായി. സംശയം തീര്‍ക്കുന്നതിനായി നിരവധി ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും എല്ലാവരും ഒരേ കാര്യമാണ് പറഞ്ഞത്.
അവസാനം കോലഞ്ചേരി ആശുപത്രിയില്‍ പോയി ഒരു മാസത്തെ ചികിത്സ തേടിയ ശേഷമാണ് യുവതിയുടെ അസുഖം ഭേദമായത്. സംഭവത്തില്‍ പോലീസിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല, ഇതിനെ തുടര്‍ന്ന് വനിതാ കമ്മീഷനു യുവതിയും കുടംബവും പരാതി നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























