സംസ്ഥാനത്ത് അരിവില വീണ്ടും വര്‍ദ്ധിക്കുന്നു; ഒരാഴ്ചയ്ക്കിടെ ഉയര്‍ന്നത് അഞ്ചു രൂപ

സംസ്ഥാനത്ത് അരിവില വീണ്ടും കൂടുന്നു. ആന്ധ്ര അരിയ്ക്ക് പുറമെ കേരളത്തില്‍ വിളയുന്ന മട്ടയരിയ്ക്കും ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചുരൂപ. ഓണവിപണി ലക്ഷ്യമിട്ട് അരിയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും സൂചനയുണ്ട്. അന്‍പതിലെത്തിയ അരിവില സാധാരണക്കാരന്റെ അന്നംമുട്ടിച്ചിട്ട് അധികമായില്ല. ബംഗാളില്‍ നിന്ന് അരിയിറക്കി ഒരുപരിധിവരെ സര്‍ക്കാര്‍ വില പിടിച്ചുനിര്‍ത്തിയെങ്കിലും വീണ്ടും കാര്യങ്ങള്‍ കൈവിട്ടുപോയി.
ആന്ധ്രയില്‍ നിന്നുള്ള ജയ അരിയ്ക്ക് കിലോയ്ക്ക് 45 രൂപ വരെയായി ചില്ലറ വിപണിയില്‍ വില. കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നു. സുലേഖ അരിയുടെ വില 41 ല്‍ നിന്ന് 43 ആയി. പാലക്കാട്ടും കുട്ടനാട്ടും വിളയുന്ന മട്ടയരിയ്ക്കും നാലുരൂപ മുതല്‍ ആറുവരെ കൂടി. ബ്രാന്‍ഡഡ് മട്ടയരിയ്ക്ക് അന്‍പത്തിയഞ്ചുരൂപ കൊടുക്കണം. പച്ചരിയ്ക്കും കൂടി മൂന്നുരൂപ.
ആവശ്യത്തിന് നെല്ലുകിട്ടുന്നില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകളുടെ പരാതി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷിച്ച് കര്‍ഷകര്‍ നെല്ല് പൂഴ്ത്തി വച്ചിരിക്കുകയാണെന്നാണ് പ്രചാരണം. എന്നാല്‍ ഓണം വരാനിരിക്കെ അരിവില കൂട്ടാനുള്ള ആന്ധ്രലോബിയുടെ ഒത്തുകളിയാണിതെന്നാണ് വിലയിരുത്തല്‍. ആവശ്യത്തിന് നെല്ല് കിട്ടുന്നില്ലെന്ന് കേരളത്തിലെ മില്ലുടമകളും പരാതിപ്പെടുന്നു. നെല്ലിനായി കര്‍ണാടകത്തെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണ് വില കൂടുന്നതെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























