'കുഞ്ഞമ്മാമ്മേ' എന്ന നിലവിളി അവര്‍ക്ക് കേട്ടു നില്‍ക്കാനായില്ല; പേരക്കുട്ടിയെ രക്ഷിക്കാനായി മുത്തശ്ശി കിണറ്റിലേയ്ക്ക് ചാടി

20 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നു 'കുഞ്ഞമ്മാമ്മേ' എന്ന നിലവിളി കേട്ടതോടെ മുത്തശ്ശി അപകടം മനസ്സിലാക്കി. കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ രണ്ടും കല്‍പിച്ച് കിണറ്റിലേക്കു ചാടി. കുഞ്ഞിനെ വെള്ളത്തില്‍ നിന്നു കോരിയെടുത്ത് മുക്കാല്‍ മണിക്കൂറോളം കയറില്‍ അവര്‍ തൂങ്ങിക്കിടന്നു. മുത്തശ്ശിയുടെ നിലവിളിയും കൂടി കേട്ടതോടെ കൂടി മറ്റുള്ളവര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
മാന്നാനം മുകളേപ്പറമ്പില്‍ അനീഷിന്റെ മകന്‍ എയ്തന്‍ (ഒന്നര) ആണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. മുത്തശ്ശി ത്രേ്യസ്യാമ്മ (52) യാണ് സാഹസികമായി കുട്ടിയെ കിണറ്റില്‍ നിന്നു പൊക്കിയെടുത്ത് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുളിപ്പിക്കുന്നതിനായി കുട്ടിയെ എണ്ണ തേപ്പിച്ച് മുറ്റത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിണറിനു സമീപം മണല്‍ കൂട്ടിയിട്ടിരുന്നു. ഇതില്‍ കയറി കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. വീണ ഉടന്‍ തന്നെ കുഞ്ഞ് നിലവിളിച്ചു.
ശബ്ദം കേട്ട് ഉടന്‍ അനീഷിന്റെ മാതാവ് ത്രേ്യസ്യാമ്മ (52) 20 അടി താഴ്ചയുള്ള കിണറ്റിലേക്കു ചാടി. കുട്ടിയെ വെള്ളത്തില്‍ നിന്നും എടുത്ത് ഉയര്‍ത്തിപ്പിടിച്ചു. പിന്നെ കയറില്‍ തൂങ്ങി നിന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ എണ്ണ തേച്ചിരുന്നതിനാല്‍ നല്ലതു പോലെ വഴുക്കലുണ്ടായിരുന്നെന്നു മുത്തശ്ശി പറഞ്ഞു. എല്ലാവരുടെയും നിറഞ്ഞ പ്രാര്‍ഥന കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ബഹളം കേട്ട് ആദ്യം ഓടിയെത്തിയതു അയല്‍പക്കത്തെ സത്യനാണ്. പിന്നീട് മറ്റുള്ളവരും എത്തി. ഇവര്‍ ആദ്യം കുട്ടിയെ കരയ്‌ക്കെത്തിച്ചു. പിന്നെ ത്രേ്യസ്യാമ്മയെയും രക്ഷിച്ചു. വിവരം അറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങളും എത്തിയിരുന്നു.
കുട്ടിയെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പരുക്കുകളേയുള്ളു. തുടര്‍ന്നു ത്രേ്യസ്യാമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ത്രേ്യസ്യാമ്മയ്ക്കു പരുക്കുകളൊന്നുമില്ല. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിട്ടയച്ചു. കിണറ്റില്‍ കാര്യമായ വെള്ളമില്ലാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി.
https://www.facebook.com/Malayalivartha

























