പാങ്ങപ്പാറ ദുരന്തം; ഫ്‌ലാറ്റ് നിര്‍മ്മാണം ടൗണ്‍ പ്‌ളാനിംഗ് അനുമതിയില്ലാതെ

പാങ്ങപ്പാറയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് നിയമ വിരുദ്ധമായിട്ടാണെന്ന് ആരോപണം. നഗരസഭയില്‍ നിന്ന് പെര്‍മ്മിറ്റെടുത്തശേഷം കെട്ടിടത്തിന്റെ വിസ്തൃതി കൂട്ടി പുതിയ പ്‌ളാന്‍ സമര്‍പ്പിച്ചെങ്കിലും ഇതിന് ജില്ലാ ടൗണ്‍ പ്‌ളാനറുടെ അനുമതി ലഭിക്കും മുമ്പ് നിര്‍മ്മാണം ആരംഭിക്കുകയായിരുന്നുവെന്നാണ് നഗരസഭാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജില്ലാ ടൗണ്‍ പ്‌ളാനിംഗ് ഓഫീസില്‍ സമര്‍പ്പിച്ച ഫയലില്‍ ചില ഭേദഗതികള്‍ വരുത്തിയശേഷം അന്തിമ അനുമതി നല്‍കാമെന്ന് നിര്‍ദേശിച്ചിരിക്കെയാണ് ധൃതിപിടിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി യുടെ (ലാഡര്‍) നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം.
നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ച റോഡില്‍ നിന്ന് ഏറെ ഉയരത്തിലായിരുന്നതിനാല്‍ ഇത് റോഡ് ലെവലിന് സമാനമാക്കാനും കെട്ടിടത്തിന്റ അടിവശത്ത് പാര്‍ക്കിംഗ് സൗകര്യം ക്രമീകരിക്കാനുമാണ് ഇവിടെ നിന്ന് മണ്ണ് നീക്കം ചെയ്തത്. പരിസരത്തെ കെട്ടിടങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും നിയമാനുസൃതം പാലിക്കേണ്ട അകലം പാലിക്കാതെയായിരുന്നു മണ്ണെടുപ്പെങ്കിലും ഇത് സംബന്ധിച്ച് നഗരസഭയോ മൈനിംഗ് ആന്റ് ജിയോളജിയോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അപകടകരമായ വിധത്തില്‍ മണ്ണെടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് റവന്യൂ വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൈനിംഗ് ആന്റ് ജോയിളജിയില്‍ നിന്നും നഗരസഭയില്‍ നിന്നും ലഭിച്ച പെര്‍മിറ്റുകള്‍ ചൂണ്ടിക്കാട്ടി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ അവരെ മടക്കി അയച്ചു.
അപകടകരമായ നിലയിലുള്ള മണ്ണെടുപ്പ് നിറുത്തിവയ്പ്പിക്കാനോ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാനോ റവന്യൂ അധികൃതരും തയ്യാറായില്ല. ടൗണ്‍ പ്‌ളാനിംഗ് ഓഫീസില്‍ നിന്ന് നിര്‍മ്മാണത്തിന് അനുമതി ലഭിക്കാതെയാണ് പാങ്ങപ്പാറയില്‍ ദിവസങ്ങളായി നിര്‍മ്മാണ ജോലികള്‍ തുടരുന്നതെങ്കിലും നഗരസഭയിലെ എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാരാരും ഇത് അറിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. നഗരത്തിലാകമാനം ചെറുതും വലുതുമായ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തിയും നിയമം ലംഘിച്ചും നടന്നുകൊണ്ടിരിക്കെ ഇത്തരം സ്ഥലങ്ങളിലൊന്നും പരിശോധന നടത്താനോ നടപടിയെടുക്കാനോ ഇവര്‍ മെനക്കെടാറില്ല. ഇത്തരത്തില്‍ നഗരസഭയുടെയും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയും റവന്യൂ അധികാരികളുടെയും അനാസ്ഥയാണ് കോരിച്ചൊരിയുന്ന മഴയില്‍ മണ്ണിടിഞ്ഞുവീണ് നാല് ജീവനുകള്‍ പൊലിയാന്‍ഇടയാക്കിയത്.
https://www.facebook.com/Malayalivartha

























