സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍എസ്എസ് ബോംബാക്രമണം, ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍എസ്എസ് ബോംബാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. സംഭവത്തെതുടര്‍ന്ന് ജില്ലയില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം മോഹനനെതിരെ ബോംബെറിയുകയായിരുന്നു. സ്റ്റീല്‍ബോംബുകളില്‍ ഒന്ന് ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തി. രാത്രി ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്ച് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ ബോംബെറിഞ്ഞത്.
എ കെ ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ് പരിസരത്തെത്തിയത്. അക്രമികള്‍ പി മോഹനന്റെ കാറിനെ പിന്തുടര്‍ന്ന് വരികയായിരുന്നു. പി മോഹനന്‍ വരുന്നതും കാത്ത് പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓഫീസിലുണ്ടായ പ്രവര്‍ത്തകര്‍ ഓടിവരുമ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു.. താനടക്കമുള്ള പ്രവര്‍ത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബാരിക്കേഡ് കെട്ടി. ബോംബിന്റെ ചീളുകള്‍ തെറിച്ച് ഓഫീസിന് കേടുപാട് സംഭവിച്ചു.
ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി സിപിഐഎം ജില്ലാകമ്മിറ്റി അറിയിച്ചു. ജനങ്ങളുടെ അസൌകര്യം പരിഗണിച്ചാണ് വാഹനങ്ങളെ ഒഴിവാക്കിയത്. എന്നാല്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല.
അതേസമയം വടകര ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളില്‍ ആര്‍എസ്എസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























