സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

സൈന്യത്തിലും റെയില്‍വേയിലും ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ച് 20 കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതി ചെട്ടികുളങ്ങര കൈതവടക്കുംമുറി ശ്രീരാഗം വീട്ടില്‍ ഗീതാറാണി (56), ഇവരുടെ സഹായികളായ തൃശൂര്‍ തിരൂര്‍ സ്വദേശി ജോയി (44), ഈഞ്ചയ്ക്കല്‍ സ്വദേശി പ്രകാശ് (50) എന്നിവരാണ് പിടിയിലായത്. എസ്‌ജെഡി ജില്ലാ കമ്മിറ്റി അംഗമാണ് പ്രകാശ്.
സംഘത്തിലെ പ്രധാനി കേണല്‍ എന്ന സന്തോഷും മറ്റ് രണ്ട് പ്രതികളും നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഗീതാറാണിയെക്കുറിച്ച് വിവരം ലഭിച്ചത്. തൃശൂര്‍ അയ്യന്തോളിലെ പൂങ്കുന്നത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇവരില്‍നിന്ന് റെയില്‍വേയുടെയും വിവിധ ബാങ്കുകളുടെയും വ്യാജരേഖകളും നിരവധി പേരുടെ ബാങ്ക് അക്കൌണ്ട് നമ്പരും കണ്ടെടുത്തിട്ടുണ്ട്.
വെസ്‌റ്റേണ്‍ റെയില്‍വേയിലും ഫെഡറല്‍ ബാങ്കിലും സാംബിയയിലെ സിമന്റ് കമ്പനിയിലും ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. റെയില്‍വേയില്‍ ജോലിക്ക് എട്ട് ലക്ഷവും ഫെഡറല്‍ ബാങ്കില്‍ മൂന്ന് ലക്ഷവും സാംബിയയില്‍ ജോലിക്കായി രണ്ട് ലക്ഷവും വീതമാണ് വാങ്ങിയിരുന്നത്. 'നിയമന ഉത്തരവും' നല്‍കിയിരുന്നു. സൌത്ത്‌വെസ്‌റ്റേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സഞ്ജീവ് അഗര്‍വാളിന്റെയും ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കെ എല്‍ വര്‍ഗീസിന്റെയും ഒപ്പും സ്ഥാപനങ്ങളുടെ ലോഗോയും വ്യാജമായി നിര്‍മിച്ചാണ് ഉത്തരവ് നല്‍കിയിരുന്നത്.
'ഉത്തരവ്' ലഭിച്ച് കാത്തിരിക്കുന്നവരോട് പിന്നീട് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ജോലിക്ക് കയറാനുള്ള ദിവസം മൂന്നോ നാലോ മാസം നീട്ടിവച്ചതായി അറിയിപ്പ് നല്‍കും. പരാതിയുമായി എത്തുന്നവര്‍ക്ക് ചെറിയ തുക തിരികെ നല്‍കും ബാക്കി തുകയ്ക്ക് അവധി പറഞ്ഞ് രക്ഷപ്പെടും. പണം ചോദിച്ച് എത്തുന്നവരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാസംഘവുമുണ്ടായിരുന്നു.
സന്തോഷ്‌കുമാറും കൂട്ടുപ്രതികളായ സഹായമേരിയും മോഹന്‍ ആന്റണിയും ഗീതാറാണിയുടെ തട്ടിപ്പുസംഘത്തിലെയും പ്രധാനികളാണ്. കേരളത്തിന് പുറത്ത് ബംഗളൂരുവിലും മംഗളൂരുവിലും സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്.
സാംബിയയിലെ ഡാന്‍ ഗോട്ട് എന്ന സിമന്റ് കമ്പനിയുടെ പേരിലും ഇവര്‍ കോടികള്‍ കബളിപ്പിച്ചു. ഗീതാറാണിയുടെ ഒരു സഹോദരന്‍ ഇവിടെ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ 2013ല്‍ ഗീതാറാണിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കോഴിക്കോട്, കൊല്ലം, എഴുകോണ്‍, തൃശൂര്‍, കഴക്കൂട്ടം, തമ്പാനൂര്‍, മട്ടന്നൂര്‍, വെള്ളറട, പൊഴിയൂര്‍ തുടങ്ങിയ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇവരുടെ പേരില്‍ 21 കേസ് നിലവിലുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയത്.
തട്ടിപ്പു പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു. ഗീതാറാണി പലയിടത്തായി സൂക്ഷിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നിര്‍ദേശപ്രകാരം ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്‌ഐ സതീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ഗോപന്‍, ഷിബു, ഉഷ, ജിനിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ജോലിതട്ടിപ്പ് കേസില്‍ പിടിയിലായ ഗീതാറാണിയുടെ തട്ടിപ്പുചരിത്രത്തിന് ഒന്നരപ്പതിറ്റാണ്ട് പഴക്കം. ഭര്‍ത്താവിനെ ഇരയാക്കിയായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് നിരവധി തട്ടിപ്പാണ് ഇവരും കൂട്ടാളികളും ചേര്‍ന്ന് നടത്തിയത്.
ചവറ സ്വദേശിയായ ഗീതാറാണി ചെട്ടികുളങ്ങര സ്‌കൂളിന്റെ ട്രസ്റ്റ് മെമ്പറായ രാജഗോപാലിനെ വിവാഹം കഴിച്ചാണ് ഇവിടേക്ക് എത്തിയത്. പിന്നീട് അതേസ്‌കൂളില്‍ ക്‌ളര്‍ക്കായി ജോലിയില്‍ കയറി. ഒരു ബന്ധുവില്‍നിന്ന് സ്‌കൂളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ടുലക്ഷം വാങ്ങി. ഉറപ്പിനായി നല്‍കിയത് ഭര്‍ത്താവിന്റെ ചെക്ക്. ഭര്‍ത്താവ് കേസില്‍ പ്രതിയായതോടെ ബന്ധം ഉപേക്ഷിച്ചു. മക്കള്‍ ഭര്‍ത്താവിനൊപ്പം പോയതോടെ ഗീതാറാണി കൊട്ടാരക്കര സ്വദേശി കേണല്‍ സന്തോഷിനൊപ്പം ചേര്‍ന്ന് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തു. ഭര്‍ത്താവില്‍നിന്ന് കൈക്കലാക്കിയ ചെക്കുപയോഗിച്ചുള്ള തട്ടിപ്പും തുടര്‍ന്നു.
തട്ടിപ്പിന് ഇരകളെ കണ്ടെത്താന്‍ തൃശൂര്‍ സ്വദേശി ജോയി, കൈതമുക്ക് സ്വദേശി സഹായമേരി, മോഹന്‍ ആന്റണി എന്നിവരെയും സംഘത്തില്‍ ചേര്‍ത്തു. പണം കൈപ്പറ്റലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒതുക്കിത്തീര്‍ക്കലുമായിരുന്നു എസ്‌ജെഡി നേതാവ് പ്രകാശിന്റെ ചുമതല.
അതോടെ തൃശൂരില്‍ കോമോസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന തട്ടിപ്പുസ്ഥാപനം തുടങ്ങി. കേണല്‍ എന്നറിയപ്പെട്ട സന്തോഷ്‌കുമാര്‍ സൈന്യത്തില്‍ ആളെ ചേര്‍ക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയപ്പോള്‍ റെയില്‍വേ, ബാങ്ക്, വിദേശ ജോലി തട്ടിപ്പുകളായിരുന്നു ഗീതാറാണിയുടെ നേതൃത്വത്തില്‍ നടന്നത്.
ഏതാനും ദിവസംമുമ്പ് സന്തോഷ് പിടിയിലായപ്പോള്‍ മാധ്യമങ്ങളില്‍ ഗീതാറാണിയുടെ പേര് വന്നിരുന്നു. ഇതുകണ്ട് ബന്ധപ്പെട്ടവരോട് അത് താനല്ലെന്നായിരുന്നു മറുപടി. പൊലീസ് ബന്ധപ്പെടുമ്പോള്‍ രണ്ടു ദിവസത്തിനകം സാംബിയക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരകളില്‍ പലരും.
സന്തോഷ്‌കുമാര്‍ പിടിയിലായതോടെ ചില ബാങ്ക് അക്കൌണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് കനറാ ബാങ്കില്‍ പുതിയ അക്കൌണ്ട് തുറന്നാണ് തട്ടിപ്പ് നടത്തിയത്. കൂടുതല്‍ പേര്‍ പിടിയിലായതോടെ പരമാവധി ആളുകളില്‍ നിന്ന് പണം തട്ടിയ ശേഷം കേരളം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗീതാറാണിയും സംഘവും.
https://www.facebook.com/Malayalivartha
























