സ്വാശ്രയ എന്‍ജിനിയറിംഗ് ഫീസ് കൂടില്ല

സ്വാശ്രയ എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ ഇക്കൊല്ലം ഫീസ് വര്‍ദ്ധന ഉണ്ടാകില്ല. സര്‍ക്കാരുമായി 50ശതമാനം സീറ്റ് പങ്കിടാനും കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന തുടരാനും മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സ്വാശ്രയ എന്‍ജിനിയറിംഗ് മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള 102 കോളേജുകളുമായുള്ള കരാര്‍ തിങ്കളാഴ്ച ഒപ്പിടുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോറി മത്തായി പറഞ്ഞു.
ക്രിസ്ത്യന്‍ കോളേജുകളിലും കഴിഞ്ഞവര്‍ഷത്തെ ഫീസ് തുടരും. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം അഞ്ച് ശതമാനം എന്‍.ആര്‍.ഐ സീറ്റേ അനുവദിക്കുള്ളൂവെങ്കിലും 10ശതമാനം സീറ്റ് പ്രവാസി മലയാളികള്‍ക്കായി (എന്‍.ആര്‍.കെ) നീക്കിവയ്ക്കും.
എല്ലാ സ്വാശ്രയ കോളേജുകളിലെയും 50ശതമാനം സീറ്റുകളില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ അലോട്ട്‌മെന്റ് നടത്തും. ക്രിസ്ത്യന്‍ കോളേജുകളില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ 35ശതമാനം അതത് മാനേജ്‌മെന്റുകളുടെ സമുദായത്തിനാണ്. ഈ സീറ്റുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും പ്ലസ് ടുവിന്റെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ മാര്‍ക്കും ചേര്‍ക്കും. കോളേജുകളില്‍ ലഭിച്ച അപേക്ഷകളില്‍ നിന്ന് റാങ്ക്പട്ടിക തയാറാക്കി പ്രവേശനം നല്‍കും.
കോളേജുകള്‍ക്ക് ഈടാക്കാവുന്നതിന്റെ പരമാവധി ഫീസാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ കുറഞ്ഞ ഫീസ് വാങ്ങാന്‍ മാനേജ്‌മെന്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും. ചില കോളേജുകള്‍ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുറഞ്ഞ ഫീസില്‍ പ്രവേശനം നടത്താമെന്ന് കോളേജുകള്‍ പ്രവേശന പരീക്ഷാകമ്മിഷണര്‍ക്ക് കത്ത് നല്‍കും.
https://www.facebook.com/Malayalivartha
























