ആശംസകളേകുമ്പോള്‍ പൂച്ചെണ്ടിന് പകരം പുസ്തകം നല്‍കാമെന്ന് പ്രധാനമന്ത്രി

ആശംസകളേകുമ്പോള്‍ പൂച്ചെണ്ടിന് പകരം പുസ്തകം നല്‍കിക്കൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊച്ചി സെന്റ് തെരേസാസില്‍ നടത്തുന്ന ഒരു മാസത്തെ വായനാഘോഷ പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആശംസകളേകുമ്പോള്‍ പൂച്ചെണ്ടിന് പകരം പുസ്തകം നല്‍കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.
അത്തരം നീക്കങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാവും', പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. വായനയേക്കാള്‍ വലിയ സന്തോഷവും അറിവിനേക്കാള്‍ വലിയ ശക്തിയും വേറെയില്ല. സാക്ഷരതയില്‍ കേരളം രാജ്യത്തിനാകമാനം അഭിമാനമാണ്. വിദ്യാഭ്യാസമേഖലയില്‍ കേരളം നടത്തിയ മുന്നേറ്റം സര്‍ക്കാരുകള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും സാമൂഹ്യ സംഘടനകള്‍ക്കും ജനങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തില്‍ വായനാ സമൂഹത്തെ വളര്‍ത്തിയെടുത്തതില്‍ പി എന്‍ പണിക്കര്‍ക്കുള്ള പങ്കും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. 47 ഓളം ഗ്രന്ഥശാലകളെ ബന്ധിപ്പിച്ചു കൊണ്ട് ഗ്രന്ഥശാല സംഘത്തിന് രൂപം നല്‍കിയ പി എന്‍ പണിക്കര്‍ തുടങ്ങി വെച്ച യജ്ഞം ഇന്ന് 6000 വായനശാലകളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























