വീടിന്റെ മേല്‍ക്കൂരയില്‍ കുട്ടിയുടെ അഴുകിയ മൃതദേഹം; അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിക്കുന്ന പീഡന കഥയിലേക്ക്...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടുള്ള പീഡനവും ശിശുമരണവും വീണ്ടും. ചെന്നൈ നഗരത്തില്‍നിന്നുമാണു പുതിയ വാര്‍ത്ത. ചെന്നൈ തൊണ്ടിയാര്‍പെട് പ്രദേശത്ത് വീടിന്റെ മേല്‍ക്കൂരയില്‍ 10 ദിവസം പ്രായമുള്ള കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി രൂക്ഷഗന്ധത്തിന്റെ ഉറവിടം തേടിച്ചെന്ന അയല്‍വാസികളാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ഒരു പീഡനകഥ.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 23 വയസ്സുള്ള അയല്‍ക്കാരനായ ട്രക്ക് ഡ്രൈവറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതെന്നും പൊലീസ് പറയുന്നു. ഒരു വീടിന്റെ ആസ്ബറ്റോസ് മേല്‍ക്കൂരയിലാണു മൃതദേഹം ഉപേക്ഷിക്കപ്പെട്ടനിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി മൃതശരീരം സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
അന്വേഷണത്തിനൊടുവില്‍ പൊലീസ് കുട്ടിയുടെ അമ്മയായ പതിനൊന്നാം ക്ലാസുകാരിയെ കണ്ടെത്തി. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണു പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനോടു പറഞ്ഞത്. അടുത്തുതന്നെയുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് വണ്ണിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലത്രേ. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രയില്‍ കൊണ്ടുപോയപ്പോഴും ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെട്ടില്ലെന്നും അവര്‍ പറയുന്നു.
ദിവസവേതനക്കാരനായ തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. അമ്മ മറ്റുവീടുകളില്‍ ജോലിക്കു സഹായിച്ചു ജീവിക്കുന്നു. മേയ് 28 ന് പെണ്‍കുട്ടി ശുചിമുറിയില്‍വച്ചു പ്രസവിച്ചുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. അയല്‍വാസിയായ ട്രക്ക് ഡ്രൈവര്‍ രവിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നത്രേ. ഇയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്ത തൊണ്ടിയാര്‍പെട് പൊലീസ് രവിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രവി പ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത് പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണു പൊലീസ്.
https://www.facebook.com/Malayalivartha


























