ഐഎംജി ഡയറക്ടറായ അന്നുതന്നെ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; ഇനിയെല്ലാം ബഹ്‌റ നോക്കിക്കൊള്ളും; ഇനി ഡിജിപി കട്ടില് കണ്ടും പനിക്കേണ്ട

ഐഎംജി ഡയറക്ടറായി നിയമിതനായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
സത്യന്‍ നരവൂര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. തമിഴ്‌നാട്ടില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് പരാതി. ജേക്കബ് തോമസ് തമിഴ്‌നാട്ടില്‍ 100 ഏക്കര്‍ ഭൂമി വാങ്ങി കൂട്ടിയെന്നാണ് പരാതി.
രണ്ടു മാസത്തെ അവധിക്ക് ശേഷം സര്‍വിസില്‍ തിരിച്ചത്തി ജേക്കബ് തോമസ് ഇന്നാണ് ഐ.എം.ജി ഡയറക്ടറായി ചുമതലയേറ്റത്. സര്‍ക്കാരിന് നിരന്തരം തലവേദ സൃഷ്ടിച്ച ജേക്കബ് തോമസിനെ കൊണ്ട് ആദ്യം അവധിയെടുപ്പിച്ചു. കേസ് ജയിച്ച് ഡിജിപി സ്ഥാനത്ത് സെന്‍കുമാര്‍ വന്നപ്പോള്‍ വിജിലന്‍സ് മേധാവിയായി ബെഹ്‌റയും എത്തി. പുറത്താക്കാതെ തന്നെ ജേക്കബ് തോമസിനെ പുറത്താക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇനി വിജിന്‍സ് ഡയറക്ടര്‍ സ്ഥാനവും ഡിജിപി കസേരയും വെറും വ്യാമോഹമാകും.
ജൂണ്‍ 30ന് ടി.പി. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്. എന്നാല്‍, ഡി.ജി.പി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടു വരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താല്‍പര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താല്‍പര്യമുണ്ടെങ്കിലും പാര്‍ട്ടിയെ മറികടന്ന് എന്ത് ചെയ്യാന്‍ കഴിയുമെന്നത് കണ്ടറിയണം.
ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നാണ് വിവരം. ഒരുപക്ഷേ പാര്‍ട്ടിയുടെ താല്‍പര്യം കണ്ടറിഞ്ഞ് ബെഹ്‌റയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടു വരികയാണെങ്കില്‍ സെന്‍കുമാറിന്റെ വഴിയേ ജേക്കബ് തോമസിനും സുപ്രീംകോടതിയെ സമീപിക്കാം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ.എം.ജി. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഐ.എം.ജി ഡയറക്ടറായിരുന്ന ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്.
https://www.facebook.com/Malayalivartha

























