മെട്രോയെ കേരളം നെഞ്ചിലേറ്റിയപ്പോള്‍ ആദ്യ ദിനത്തിലെ വരുമാനം ലക്ഷങ്ങള്‍ കടന്നു

മെട്രോ സര്‍വ്വീസ് ആരംഭിച്ച ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് എഴു വരെയുള്ള കളക്ഷന്‍ 20 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നാണ് കെഎംആര്‍എല്‍ അറിയിച്ചത്. കൃത്യമായി പറഞ്ഞാല്‍ 20,42,740 രൂപയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴു മണി വരെയുള്ള കളക്ഷന്‍. രാത്രി പത്തു മണി വരെയുള്ള കണക്കുകള്‍ കൂടി കെഎംആര്‍എല്‍ പുറത്തുവിട്ടാല്‍ കളക്ഷന്‍ തുകയില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്ന് തീര്‍ച്ചയാണ്.
62,320 പേരാണ് രാത്രി ഏഴു മണി വരെ മെട്രോയില്‍ യാത്ര ചെയ്തത്. രാത്രി എഴു മണിക്ക് ശേഷമുള്ള സര്‍വ്വീസുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടതിനാല്‍ യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മെട്രോയില്‍ യാത്ര ചെയ്യാനായി നിരവധി പേരാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. വടക്കന്‍ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. രാവിലെ ആറ് മണിക്ക് ആലുവയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും ഒരേസമയം ആരംഭിച്ച സര്‍വ്വീസ് രാത്രി പത്തു മണി വരെ നീണ്ടു.
മെട്രോയില്‍ കയറാനായി ഓരോ സ്‌റ്റേഷനിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ടായതോടെ തിരക്ക് വര്‍ദ്ധിച്ചു. ആദ്യ ദിനങ്ങളില്‍ ദിവസേന 219 ട്രിപ്പുകളാണ് കെഎംആര്‍എല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ദിനത്തില്‍ ക്യൂആര്‍ കോഡ് ടിക്കറ്റുകളെക്കുറിച്ചും മെട്രോയില്‍ കയറുന്നതിനെക്കുറിച്ചുമെല്ലാം യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കെഎംആര്‍എല്‍ ജീവനക്കാരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























