നഴ്‌സുമാരുടെ സമരം തുടരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നഴ്‌സുമാരുടെ സംഘടനയുടെ നിര്‍ണായക കമ്മിറ്റി ഇന്ന്

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നഴ്‌സുമാരുടെ സംഘടനയുടെ നിര്‍ണായക കമ്മിറ്റി ഇന്ന്. പനി പടരുന്ന സാഹചര്യത്തില്‍ സമരം താല്‍കാലികമായി മാറ്റിവയ്ക്കണമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര കമ്മിറ്റി വിളിച്ചത്.
സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള കുറഞ്ഞ കൂലി പോലും നല്‍കാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ച് തുടങ്ങിയതോടെയാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നഴ്‌സുമാരുടെ സംഘടനയുമായി ചര്‍ച്ച നടത്തിയത്. നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്നും ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചിട്ടുള്ള 27 വരെ സമരം മാറ്റി വയ്ക്കണമെന്നാണ് ആവശ്യം. സംസ്ഥാന കമ്മിറ്റി കൂടിയ ശേഷം തീരുമാനമെടുക്കുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു. അതേസമയം ഏതാനും ആശുപത്രികള്‍ ശമ്പള വര്‍ധനവിന് തയാറാണെന്ന് അറിയിച്ചതായും യു.എന്‍.എ അവകാശപ്പെട്ടു.
അയ്യായിരം രൂപയുടെ ഇടക്കാല വര്‍ധനവെങ്കിലും നല്‍കുന്ന ആശുപത്രികളില്‍ സമരം അവസാനിപ്പിക്കാനാണ് നഴ്‌സുമാരുടെ ആലോചന.
https://www.facebook.com/Malayalivartha
























