നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിക്കാന്‍ ഗൂഢാലോചന നടത്തിയതിന് വിഷ്ണുവിനെ പ്രതി ചേര്‍ത്തു

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സഹതടവുകാരനായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണുവിനെ പ്രതിചേര്‍ത്തു. വിഷ്ണുവും ജിന്‍സനുമടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും അഞ്ചു സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍, ജയില്‍ സൂപ്രണ്ട് ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ ഫോണ്‍ ജയിലിലേക്ക് കടത്തിയ ഇടപ്പള്ളി സ്വദേശി വിഷ്ണുവിന്റെ പേരില്ലായിരുന്നു. കഴിഞ്ഞദിവസം ഈ പേരുള്‍പ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷ്ണുവിനെയും പ്രതിചേര്‍ത്തു. ഇവരെക്കൂടാതെ കോട്ടയം സ്വദേശി വിപിന്‍ലാല്‍, പത്തനംതിട്ട സ്വദേശി സുനില്‍കുമാര്‍, ജിന്‍സണ്‍, രാമമംഗലം സ്വദേശി സനല്‍. പി. മാത്യു, ഏലൂര്‍ സ്വദേശി മഹേഷ് എന്നിവരാണ് പ്രതികള്‍.
വിഷ്ണു മറൈന്‍ ഡ്രൈവിലെ കടയില്‍ നിന്ന് വാങ്ങിയ ഷൂസ് മുറിച്ച് മൊബൈല്‍ ഫോണും സിം കാര്‍ഡും അതിനുള്ളില്‍ വച്ച് ജയിലിലേക്ക് കടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ജിന്‍സണ്‍, സനല്‍, മഹേഷ്, സുനില്‍ എന്നിവര്‍ ഗൂഢാലോചന നടത്തി ഫോണ്‍ കടത്താന്‍ കൂട്ടുനിന്നുവെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി സോളര്‍ തട്ടിപ്പുകേസ് പ്രതി സരിത നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്റെയും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയില്‍ പള്‍സര്‍ സുനിക്ക് കീഴടങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് രണ്ടുപേര്‍ തന്നെ കണ്ടുവെന്നും മാഡത്തോട് ചോദിച്ച് തീരുമാനം പറയാം എന്ന് പറഞ്ഞ് ഇവര്‍ മടങ്ങിയെന്നും ഫെനി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയുടെ മൊഴിയെടുക്കുക.
https://www.facebook.com/Malayalivartha

























