മദ്യലഹരിയില്‍ നാലുവയസ്സുകാരിയെ ട്രെയിനില്‍ മറന്ന് അച്ഛന്‍ വീട്ടില്‍ പോയി; ഒടുവില്‍ സംഭവിച്ചത്...

നാലു വയസ്സുകാരിയെ മദ്യലഹരിയില്‍ ട്രെയിനില്‍ മറന്ന അച്ഛന്‍ ഒടുവില്‍ കുടുംബസമേതം മകളെത്തേടിയെത്തി. മദ്യപിച്ചു ബോധംകെട്ട സേലം സ്വദേശി തന്റെ മകളെ ട്രെയിനില്‍ തനിച്ചാക്കി തൃശൂരില്‍ ഇറങ്ങിയതാണു നാടകീയമായരംഗങ്ങള്‍ സൃഷ്ടിച്ചത്. വെള്ളിയാഴ്ച സേലത്തു നിന്ന് ഷാലിമാര്‍ - നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസില്‍ മകളെയും കൂട്ടി കയറിയ ഇയാള്‍ പാലക്കാട്ടേക്കുള്ള ടിക്കറ്റാണ് എടുത്തിരുന്നത്.
വടക്കാഞ്ചേരിയിലെ ഭാര്യവീട്ടിലേക്കായിരുന്നു യാത്ര. ട്രെയിനിലെ സ്ലീപ്പര്‍ കംപാര്‍ട്‌മെന്റില്‍ കയറിയപ്പോള്‍ തന്നെ ഇയാള്‍ മദ്യപാനം തുടങ്ങി, അധികം വൈകാതെ ബോധവും നശിച്ചു. ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ തൃശൂരില്‍ എത്തിയിരുന്നു. മകള്‍ ഒപ്പമുണ്ടെന്ന കാര്യം മറന്ന് തൃശൂരില്‍ ഇറങ്ങി.
കുട്ടി ട്രെയിനില്‍ തനിച്ചായപ്പോള്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതു കേട്ട് യാത്രക്കാര്‍ കുട്ടി കരയുന്ന വിവരം ടിടിഇയെ അറിയിച്ചു. കുട്ടിയുടെ ഒപ്പമുള്ളത് ആരാണെന്ന് ട്രെയിനില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കോട്ടയം സ്‌റ്റേഷനിലെത്തിയപ്പോള്‍ ആര്‍പിഎഫ് സ്‌റ്റേഷന്‍ സിഐ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കുട്ടിയെ ഏല്‍പിച്ചു.
ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറി. തമിഴ് മാത്രം സംസാരിച്ചിരുന്ന കുട്ടിയുടെ രക്ഷിതാക്കള്‍ക്കായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മാതാപിതാക്കളെ കണ്ടെത്തി. അമ്മയും അച്ഛനും മുത്തച്ഛനും എത്തിയാണു കുട്ടിയെ ഏറ്റുവാങ്ങിയത്. മദ്യലഹരിയില്‍ മകളെ മറന്ന അച്ഛനു ശക്തമായ താക്കീത് നല്‍കിയാണ് അധികൃതര്‍ തിരിച്ചയച്ചത്.
https://www.facebook.com/Malayalivartha

























