മൂന്നാറിലെ നിയമപരമായി തടസ്സമില്ലാത്ത കുത്തകപ്പാട്ട ഭൂമിയില്‍ കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

മൂന്നാറിലെ നിയമപരമായി തടസമില്ലാത്ത കുത്തകപ്പാട്ട ഭൂമിയില്‍ കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കെഡിഎച്ച് (കണ്ണന്‍ ദേവന്‍ ഹില്‍സ്) വില്ലേജില്‍ ടാറ്റ കമ്പനിയും സര്‍ക്കാരും കുത്തകപ്പാട്ടം നല്‍കിയ 113 പേരില്‍ അര്‍ഹമായവര്‍ക്കു സര്‍ക്കാര്‍ പട്ടയം നല്‍കാന്‍ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷട്രീയ പാര്‍ട്ടി നേതാക്കളുടെയും കച്ചവടസംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എന്നാല്‍, മൂന്നാര്‍ പോലീസ് സ്‌റ്റേഷന് എതിര്‍വശമുള്ള ജോര്‍ജിന്റെ വിവാദമായ 22 സെന്റ് ഭൂമിയില്‍ തുടര്‍നടപടി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ടാറ്റയുടെ ഭൂമിയില്‍ സര്‍ക്കാരിനു കുത്തകപ്പാട്ട കരം സ്വീകരിക്കുന്നതില്‍ നിയമപരമായ തടസമുണ്ടെന്നു റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.
2016 വരെ കരം സ്വീകരിച്ചിരുന്ന ഭൂമിയില്‍ നിയമപ്രശ്‌നമുള്ളതിനാലാണു നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണു നിയമപ്രശ്‌നമില്ലാത്ത കുത്തകപ്പാട്ട ഭൂമിയില്‍ കരം സ്വീകരിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇടുക്കി ജില്ലയില്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദേവികുളം താലൂക്കില്‍ പട്ടയം നല്‍കാത്ത പ്രശ്‌നവും പരിഹരിക്കും. എല്ലാ പട്ടയങ്ങളും സമയബന്ധിതമായി വിതരണംചെയ്യും. നേരത്തെ ചേര്‍ന്ന യോഗങ്ങളില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ഇടുക്കിയില്‍ 5,490 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
പട്ടയവിതരണം വേഗത്തിലാക്കുന്നതിന് ആവശ്യമായ സര്‍വയര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നു പി.എച്ച്. കുര്യന്‍ യോഗത്തില്‍ പറഞ്ഞു. രണ്ടാഴ്ച മുന്‍പു റവന്യു മന്ത്രി വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലും ഭൂമിയുടെ പട്ടയ അപേക്ഷ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കെട്ടിടങ്ങള്‍ക്കു സ്‌റ്റോപ്പ് മെമ്മോ നല്‍കിയതും വീടുകള്‍ക്കു നമ്പര്‍ കിട്ടാത്തതുമായ പ്രശ്‌നവും പരിഹരിക്കും.
മൂന്നാറില്‍ പതിച്ചുകൊടുക്കാവുന്ന ഭൂമിയില്‍ പൊതുആവശ്യത്തിനുള്ളത് ഒഴികെ ബാക്കിയുള്ള ഭൂമിക്കു പട്ടയം നല്‍കും. കൈവശം വച്ചുവരുന്ന ഭൂമി കൈമാറിയിട്ടുണ്ടെങ്കില്‍ പോലും പട്ടയത്തിന് അര്‍ഹതയുണ്ട്. ഭൂമിക്കാണു പട്ടയം നല്‍കുന്നത്. ഇടുക്കി ഭൂമിപ്രശ്‌നത്തില്‍ സര്‍ക്കാരിനും റവന്യു വകുപ്പിനും ഒരേ നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാര്‍ ടൗണില്‍ കച്ചവടം ചെയ്യുന്നവരുടെ പ്രശ്‌നം സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിച്ചു പരിഹരിക്കും. നിയമപരമായ തടസമുണ്ടെങ്കില്‍ നീക്കും. മറ്റു ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയും താമസസൗകര്യവും നല്‍കും. സര്‍ക്കാരിന്റെ മനസ് അവരോടൊപ്പമാണ്.
നേരത്തെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ യോഗങ്ങളുടെ തുടര്‍ച്ചയാണ് ഈ യോഗവുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഭൂമി പ്രശ്‌നം പരിഹരിക്കാനും പ്രത്യേകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























