നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ നിര്‍ണ്ണായക യോഗം ഇന്ന് വൈകിട്ട്

നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഉന്നതതല യോഗം ഇന്ന് വൈകിട്ട് ചേരും. അന്വേഷണ സംഘത്തലവന്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ആലുവ പോലീസ് ക്ലബിലാണ് യോഗം. ദിനേന്ദ്ര കശ്യപ് കൊച്ചിയിലുണ്ടാകണമെന്ന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, അമ്മ ശ്യാമള, ദിലീപുമായി ബന്ധമുള്ള യുവനടി എന്നിവരെയും പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും മൊഴികളും വിലയിരുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളെക്കുറിച്ച് പോലീസ് തീരുമാനിക്കും. കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























