കേരളം ഉറ്റു നോക്കുന്ന കേസില്‍ മുഖ്യമന്ത്രി മനസ് തുറന്നു; എത്ര വലിയ മീനായാലും വലയില്‍ വീഴും; കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം

നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കേ മുഖ്യമന്ത്രി പിണറായി വിജയന്‍. മനസ് തുറന്നു. പൊലീസിന്‍ന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും. വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലിംഗനീതി കേരളത്തില്‍ നടപ്പാക്കും. അത് നടപ്പാക്കുന്നതിലുള്ള പോരായ്മകള്‍ പരിഹരിക്കും. എവിടെയും ഏതുനേരത്തും സ്ത്രീകള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും പുവര്‍ഹോമുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് വനിതാ നേതാക്കളുടെ ചര്‍ച്ചക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ബാലവേല ചുരുക്കം ചില സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നതായി മനസ്സിലാക്കുന്നുണ്ട്. അത് പൂര്‍ണമായി ഒഴിവാക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണവും പീഡനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപടും.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ എല്ലായിടത്തും പരിഗണന കിട്ടണമെന്നതാണ് സര്‍ക്കാര്‍ നയം. അതിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കും. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറി ഇല്ലാത്ത പ്രശ്‌നം പരിഹരിക്കും. ഇതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ച് ശുചിമുറി സൗകര്യം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില കമ്പനികള്‍ അതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
https://www.facebook.com/Malayalivartha


























