ഇനിയും സത്യം പുറത്തു വരാനുണ്ട്... നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 2 ദിവസം പോലീസ് കസ്റ്റഡിയില്‍; ചോദ്യം ചെയ്യലിന്റെ ശൈലി മാറ്റി എല്ലാം തുറന്നു പറയിപ്പിക്കാന്‍ ശ്രമിച്ച് പോലീസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നല്‍കിയില്ല. ദിലീപിനെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്. കേരളത്തിലെ മുന്‍ നിര അഭിഭാഷകനായ അഡ്വ. രാംകുമാറിനെ രംഗത്തിറക്കി പയറ്റി എങ്കിലും ദിലീപ് ചെയ്ത കുറ്റത്തിന്റെ തീവ്രത മനസ്സിലാക്കി കോടതി ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്നും ഇനിയും കൂടുതല്‍ തെളിവുകള്‍ വെളിച്ചത്തു കൊണ്ടു വന്നാല്‍ മാത്രമേ ഈ കേസിന്റെ ചുരുളഴിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ ബോധ്യപ്പെടുത്തി. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യത്തില്‍ വിട്ടാല്‍ കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്നും അന്വേഷണ സംഘം വാദിച്ചു. ഇതെല്ലാമംഗീകരിച്ചാണ് ദിലീപിന് ജാമ്യം നിഷേധിച്ചതും പോലീസ് കസ്റ്റഡിയില്‍ വിട്ടതും.
ദിലീപിനും അനുജന്‍ അനൂപിനെതിരേയും ശക്തമായ തെളിവുകളാണ് പോലീസ് ശേഖരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലെയും വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ചു തെളിവെടുപ്പു നടത്തണെമെന്ന നിലപാടിലാണു പൊലീസ്. കേസിനു പിന്നിലെ ഗൂഡാലോചനയില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യമുറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയാണു ദിലീപിന്റെ ജാമ്യേപക്ഷ നല്‍കിയത്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ഇതു സാധൂകരിക്കാന്‍ പോന്ന 19 പ്രാഥമിക തെളിവുകള്‍ ഹാജരാക്കുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ കിട്ടണമെന്നാണു പൊലീസ് വാദിച്ചത്.
കസ്റ്റഡിയില്‍ വിട്ട സ്ഥിതിക്ക് ദിലീപില്‍ നിന്നും പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നടനെന്ന പരിഗണന മാറ്റി ചോദ്യം ചെയ്യല്‍ കടുപ്പമുള്ളതാക്കാനും സൂചനയുണ്ട്.
അതേസമയം, മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനാല്‍ ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു ദിലീപിന്റെ തീരുമാനം. ഇതിനിടെ, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകളെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റിനുളള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























