എന്തിനു വിളിച്ചു? സംസാരിച്ച കാര്യങ്ങള്‍ എന്തെല്ലാം? മുകേഷിനെതിരെ കൂടുതല്‍ തെളിവുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപും മുകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ പൊരുള്‍ തേടി പൊലീസ്. നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പൊലീസ് തിരയുന്നത്. സംഭവ ദിവസം നടന്‍ ദിലീപും നടനും എം.എല്‍.എയുമായ മുകേഷും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ഈ ഫോണ്‍കോളുകടെ സമയദൈര്‍ഘ്യം, സംഭാഷണ വിവരങ്ങള്‍, ഇതിനു സംഭവവുമായി എത്രത്തോളം ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ദിലീപിന്റെ പഴ്‌സണല്‍ നമ്പരിലും, മറ്റൊരു നമ്പരിലുമാണ് നടനും എം.എല്‍.എയുമായ മുകേഷ് സംഭവത്തിന് തൊട്ട് മുമ്പും ശേഷവുമുള്ള ദിവസങ്ങളിലും വിളിച്ചിരിക്കുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
സംഭവമുണ്ടായ ദിവസം പകല്‍ മുതല്‍ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്താണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഇത് എന്തിനു വിളിച്ചു?, സംസാരിച്ച കാര്യങ്ങള്‍ എന്തെല്ലാം? തുടങ്ങിയ കാര്യങ്ങളാണ് ഇനി പൊലീസ് അന്വേഷിക്കുക. കേസിന്റെ ആദ്യ ഘട്ടത്തില്‍ ദിലീപിനോട് ഇതു സംബന്ധിച്ചു പൊലീസ് ചോദിച്ചിരുന്നില്ല. ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാവും പൊലീസ് ഇതു സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ ആരംഭിക്കുക.

ദിലീപിന്റെ ഈ മൊഴിയുടെ അടിസ്ഥാനത്തിലാവും മുകേഷിനെ ചോദ്യം ചെയ്യാനോ, മൊഴിയെടുക്കാനോ വിളിപ്പിക്കുക എന്നാണ് അന്വേഷണ സംഘത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന സൂചന. ഇതിനിടെ കാസര്‍കോടായിരുന്ന മുകേഷിനെ കൊല്ലം ജില്ലാ കമ്മിറ്റി ഇന്നലെ അടിയന്തരമായി വിളിച്ചു വരുത്തി ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.
അമ്മയുടെ യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറിയ മുകേഷിനോട് നേരത്തെ ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു.ഇതിനു പിന്നാലെയാണ് ദീലിപിന്റെ അറസ്റ്റിനു ശേഷം മുകേഷിനെ ജില്ലാ കമ്മിറ്റി അടിയന്തരമായി ഇന്നലെ വിളിച്ചു വരുത്തിയത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്വട്ടേഷന്‍ സംബന്ധിച്ച് മുകേഷിനു മുന്‍കൂട്ടി അറിവുണ്ടായിരുന്നോ, സംഭവത്തില്‍ ദിലീപിന്റെ പങ്ക് അറിയാമായിരുന്നിട്ടും ഇക്കാര്യം മുകേഷ് മറച്ചു വച്ചോ തുടങ്ങിയ കാര്യങ്ങളിലും പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് സംവിധായകന്‍ നാദിര്‍ഷായ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നതും ഇവിടെ ശ്രദ്ധേയമാണ്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നടപ്പാക്കിയ പള്‍സര്‍ സുനി നേരത്തെ മുകേഷിനൊപ്പം ജോലി ചെയ്തിരുന്നു. മുകേഷിന്റെ കുടുംബാംഗങ്ങളോടൊപ്പം സുനി നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ഇതിനിടെ പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha


























