വീണ്ടും കല്ലുവാതുക്കല്‍? കൊല്ലത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

കൊല്ലം ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ വ്യാജ മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കല്ലുവാതുക്കല്‍ മാതൃകയില്‍ വ്യാജ മദ്യദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കി. ഒപ്പം വ്യാജ മദ്യത്തിനെതിരെ എക്‌സൈസും ജാഗരൂകരായിട്ടുണ്ട്. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയ പശ്‌ചാത്തലത്തിലാണ് വ്യാജ മദ്യദുരന്തം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കൊല്ലം ജില്ലയിലെ പുനലൂര്‍, അഞ്ചല്‍, ശാസ്‌താംകോട്ട, കൊട്ടാരക്കര, കൊല്ലത്തെ തീരദേശ മേഖല എന്നിവിടങ്ങളിലാണ് വ്യാജ മദ്യദുരന്തം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പുനലൂര്‍-പത്തനാപുരം മേഖലയില്‍ വ്യാജ മദ്യത്തിന്റെ ഉല്‌പാദനവും വില്‌പനയും ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്യങ്കാവില്‍ ഇപ്പോഴുള്ള ചെക്‌പോസ്റ്റിനു പുറമേ ഒരു എക്‌സൈസ് ചെക്‌പോസ്റ്റ് കൂടി സഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയാണ് വ്യാജ മദ്യം കേരളത്തിലെത്തുന്നതായാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. പുനലൂരിന് സമീപമുള്ള തെന്മല, അച്ചന്‍കോവില്‍, ആര്യങ്കാവ് എന്നിവിടങ്ങളില്‍ നിന്നും വ്യാജമദ്യം കേരളത്തിലാകമാനം പ്രവഹിക്കുന്നുണ്ട്. ആര്യങ്കാവിലെ വനമേഖലയില്‍ വ്യാജമദ്യം ഉണ്ടാക്കുന്നതായും പോലീസ് കണ്ടെത്തി.
കൊല്ലം ജില്ലയില്‍ 26 ബാറുകള്‍ പൂട്ടിക്കിടക്കുകയാണ്. കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ സാധാരണക്കാരാണ് അധിവസിക്കുന്നത്. ഇവരിലധികം പേരും തൊഴിലാളികളാണ്. ബാറില്‍ക്കേറി മദ്യപിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഇവര്‍ വില കുറഞ്ഞ മദ്യത്തെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സുഗമമായിരുന്നു. എന്നാല്‍ ബാറുകള്‍ പൂട്ടിയതോടെ വനപ്രദേശങ്ങളില്‍ നിന്നും വ്യാജമദ്യം കേരളത്തിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. അതിര്‍ത്തി പ്രദേശങ്ങളില്‍ നിസാര വിലയ്‌ക്ക് വ്യാജമദ്യം ലഭിക്കുന്നുണ്ട്. ഇത് സര്‍ക്കാരിനേയും എക്‌സൈസിനേയും വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ട്.
അതേസമയം കെ പി സി സി അദ്ധ്യക്ഷന്റെ കടുംപിടിത്തത്തെ തുടര്‍ന്ന് വ്യാജ മദ്യദുരന്തം ഉണ്ടാകട്ടെ എന്ന നിലപാടിലാണ് എക്‌സൈസ് മന്ത്രി കെ ബാബു. ഒരു വ്യാജ മദ്യദുരന്തം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരിന്റെ കണ്ണു തുറക്കു എന്നാണ് മന്ത്രിയുടെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























