സ്‌കൂള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബാര്‍ ഹോട്ടലിലേക്കുള്ള ദൂരപരിധി കുറച്ചിട്ട് മണിക്കൂറുകള്‍: പക്ഷേ തലസ്ഥാനത്തുണ്ട് ദേവാലയത്തോട് ചേര്‍ന്ന് ബാര്‍

സ്‌കൂള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബാര്‍ ഹോട്ടലിലേക്കുള്ള ദൂരപരിധി സര്‍ക്കാര്‍ 50 മീറ്ററാക്കി കുറച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും തിരുവനന്തപുരം നഗരത്തില്‍ ബാറുള്ള ഒരു സ്റ്റാര്‍ ഹോട്ടല്‍ ദേവാലയത്തിന്റെ മതിലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നഗരത്തില്‍ സ്‌പെന്‍സര്‍ ജംഗ് ക്ഷനിലുള്ള പള്ളിയോട് ചേര്‍ന്നാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന് മുന്‍വശത്താണ് പ്രശസ്തമായ യൂണിവേഴ്‌സിറ്റി കോളേജ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ നടത്തുന്ന ഒരാളാണ് ഹോട്ടല്‍ ഉടമ. ഫോര്‍ സ്റ്റാര്‍ ഹോട്ടലാണിത്. സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഇവിടെ ഉടന്‍ ബാര്‍ പുനരാരംഭിക്കും. രാഷ്ട്രീയകാര്‍ക്ക് ഹോട്ടല്‍ പ്രവര്‍ത്തനം ചോദ്യം ചെയ്യാനുള്ള ധൈര്യം പോരാ. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ളവരാണ് ഹോട്ടല്‍ നടത്തുന്നത്. ബാര്‍ ഉടമ സുനില്‍ കുമാര്‍ വെള്ളിയാഴ്ച രാത്രി നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. ഇവിടെ ബാര്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ആര്‍ക്ക് എന്താണ് ദോഷമെന്നാണ് സുനില്‍കുമാര്‍ ചോദിച്ചത്. പ്രത്യക്ഷത്തില്‍ ഇത് നിരുപദ്രവകരമായ ഒരു കമന്റാണെങ്കിലും വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ബാറുകളുടെ ദൂരപരിധി അന്‍പത് മീറ്ററാക്കിയത് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബാര്‍ ഉടമകള്‍ നല്‍കിയ സാമ്പത്തികവും ശാരീരികവുമായ പിന്തുണക്കുള്ള പ്രത്യുപകാരമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്ത് തന്നെ ബാര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്നു. ബാര്‍ ഉടമകള്‍ നിരന്തരം കോടിയേരിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
സര്‍ക്കാരിന് ബാര്‍ ഉടമകളോടുള്ള കുറ് ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഇനി ദേവാലയങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ബാറുകള്‍ക്കുള്ള ദൂരം, വെറും 50 മീറ്റര്‍. അന്‍പത് മീറ്റര്‍ എന്തിനാണെന്ന് ചോദിക്കുന്നവരും കേരളത്തില്‍ കുറവില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 200 മീറ്ററാക്കി ഉയര്‍ത്തിയ ദൂര പരിധിയാണ് 50 മീറ്ററാക്കി കുറച്ചത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണെന്നാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ അതിനെക്കാളുപരിയാണ് ബാര്‍ ഉടമകളുടെ പണം.
കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ തീരുമാനം സ്വാഗതം ചെയ്യും. കാരണം അവരുടെ മനസിലുണ്ടായിരുന്ന ആശയമാണ് പിണറായി വിജയന്‍ നടപ്പിലാക്കിയത്. വി.എം.സുധീരന്റെ എതിര്‍പ്പിനാണെങ്കില്‍ മൂര്‍ച്ച തീരെ പോരാ. അദ്ദേഹം പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ പോലും കേള്‍ക്കാറില്ല. ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ പിണറായിയുടെ തീരുമാനത്തെ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























