മാനസാന്തരം വന്ന പേരുകേട്ട ഗുണ്ടയുടെ വെളിപ്പെടുത്തലുകൾ!!

കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുവന്ന കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചുലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസിലെ മുഖ്യപ്രതിയായിരുന്നത് കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ സ്വദേശി രജ്ഞിത്ത് എന്ന കാക്ക രഞ്ജിത്താണ്. ഡി.ആര്‍.ഐക്കാരുടെ കണ്ണുവെട്ടിച്ച് തലശ്ശേരിക്ക് കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണമടങ്ങിയ പെട്ടി കവര്‍ന്ന കേസിലായിരുന്നു അറസ്റ്റ്. മൊബൈല്‍ ഉപയോഗിക്കാതെ എറണാകുളം,തൃശൂര്‍,ബംഗളുരു,ചെന്നൈ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന കാക്ക രഞ്ജിത്തിനെ തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു.
താന്‍ കുറ്റകൃത്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ കാക്ക രഞ്ജിത്ത് തന്നെ വെളിപ്പെടുത്തുകയാണ്. കുഴല്‍പ്പണക്കാരെയും സ്വര്‍ണക്കടത്തുകാരെയും വളരെ ആസൂത്രിതമായി കവര്‍ച്ച നടത്തുന്നതില്‍ വിരുതനായ രഞ്ജിത് സമാനരീതിയില്‍ മുമ്പ് പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.
'ദൃശ്യം' മോഡല്‍ ഓപ്പറേഷന്‍
അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് തിരഞ്ഞിട്ട് പിടിക്കാന്‍ കഴിയാത്ത കാക്ക
2010 ഏപ്രില്‍ 12 ന് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്തുള്ള ചേരിഞ്ചാല്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണനിര്‍മാണ യൂണിറ്റില്‍ നിന്ന് കൊണ്ടുപോകുകയായിരുന്ന ഒന്നര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സ്വര്‍ണവുമായി സ്കൂട്ടറില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ശ്രുതിന്‍ ലാല്‍ എന്ന ചെറുപ്പക്കാരനെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞായിരുന്നു കൊള്ള. കാക്ക രഞ്ജിത്ത് തന്നെയായിരുന്നു ഈ കേസിലും പോലീസിന് തലവേദനയായത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
ഈ കേസില്‍ പേട്ടയിലുള്ള രഞ്ജിത്തിന്റെ വാടക വീട് കണ്ടെത്തി അന്വേഷണം ആരംഭിച്ച പോലീസിന് നിരാശയായിരുന്നു ഫലം. പിന്നീട് മൊബൈല്‍ ടവറുകളില്‍ നിന്ന് പോയ ഫോണ്‍കോളുകളെക്കുറിച്ചായി അന്വേഷണം. രഞജിത്തിന്റെ നമ്പർ ഏതാണെന്ന് മാത്രം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടയ്ക്കെപ്പൊഴോ സ്വിച്ച് ഓഫായ രഞ്ജിത്തിന്റെ ഫോണ്‍ ഓണായപ്പോള്‍ ചൈന്നൈയില്‍ നിന്ന് ബാംഗ്ളൂരിലേക്കുള്ള വഴിയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. എന്നാല്‍ ബാംഗ്ളൂര്‍ അതിര്‍ത്തിയിലുള്ള ടോള്‍ഗേറ്റ് കടന്നയുടന്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫായി. അതും പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കെണിയായിരുന്നു.
രഞ്ജിത്തിന്റെ ചൈന്നെയിലെ കൂട്ടുകാരിയെ തപ്പി പോലീസുകാര്‍ അങ്ങോട്ടു പുറപ്പെട്ടപ്പെട്ടപ്പോള്‍ തന്ത്രശാലികളായ അവര്‍ പത്തനംതിട്ടയിലുള്ള സ്വന്തം നാട്ടിലേക്ക് തിരിച്ചതായി പോലീസിന് അറിയാന്‍ കഴിഞ്ഞു. സ്ക്വാഡ് അംഗങ്ങള്‍ കോന്നിയിലേക്ക് തിരിച്ചു. രഞ്ജിത്തിന്റെ കൂട്ടുകാരിയുടെ വീട് കണ്ടുപിടിച്ചു. പിന്നീട് അവരുടെ കാറിന് പിന്നാലെ സഞ്ചരിച്ച പോലീസ് ടീം കോന്നി അങ്ങാടിയില്‍ കാത്തിരുന്ന മറ്റൊരു കാറിലേക്ക് യുവതി മാറിക്കയറുന്നത് കണ്ടു. ആ കാറില്‍ യുവതിയെ കാത്തിരുന്നത് കാക്ക രഞ്ജിത്തായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ഓട്ടത്തിനൊടുവില്‍ മൊബൈല്‍ ഫോണ്‍ തന്നെ പോലീസിന് വഴി തെളിച്ചു. രാമനാട്ടുകര അതിര്‍ത്തി കടന്നയുടനെ കാര്‍ പോലീസ് വളഞ്ഞു. അന്ന് തന്നെ പിടികൂടിയ സി.ഐ രാജുവിനോട് രഞ്ജിത്ത് പറഞ്ഞത് ഇതാണ്. ' അഞ്ചു സംസ്ഥാനങ്ങളിലെ പോലീസ് തിരഞ്ഞിട്ട് പിടിക്കാന്‍ കഴിയാത്തയാളാണ് ഞാന്‍. നിങ്ങളുടെ സമയം. എന്റെ സമയക്കേടും.' അന്ന് മോഷണം പോയത് 52 സ്വര്‍ണമാലകളായിരുന്നു.വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി അവയെല്ലാം പണയം വെക്കുകയായിരുന്നു. ഓരോ സ്ഥലത്തെയും സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയുമൊക്കെ ഉപയോഗപ്പെടുത്തിയായിരുന്നു പണയം വെച്ചത്. ആഴ്ചകള്‍ നീണ്ട തെളിവെടുപ്പിന് ശേഷമാണ് പോലീസ് സ്വര്‍ണമാലകള്‍ കണ്ടെത്തിയത്.
'ഞാന്‍ അറിഞ്ഞുകൊണ്ടു തല വെച്ചു കൊടുത്തതാണ്; എന്നെയാരും പിടിച്ചതല്ല': ഒരു വെളിപ്പെടുത്തല്‍
'ഞാന്‍ ജനിച്ച ജീവിത സാഹചര്യമാണ് എന്നെ ഇങ്ങനെ ആക്കിത്തീര്‍ത്തത്. എന്റെ അമ്മ ഗര്‍ഭിണി ആയപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. എന്റെ ചെറുപ്പകാലത്ത് അമ്മ അച്ചാര്‍ കമ്പനിയിലൊക്കെ ജോലിക്ക് പോകുമായിരുന്നു. അമ്മ രാവിലെ പോയാല്‍ വൈകുന്നേരമാണ് വരുന്നത്. കൂട്ടുകെട്ടുകള്‍ മോശം സാഹചര്യത്തിലേക്ക് മാറിയപ്പോള്‍ വഴക്കു പറയാനും ഉപദേശിക്കാനുമൊന്നും ആരുമുണ്ടായിരുന്നില്ല.' ഇതാണ് പിടികിട്ടാപ്പുള്ളിയെന്ന് പോലീസ് വിശേഷിപ്പിച്ച കാക്ക രഞ്ജിത്തിന് പറയാനുള്ളത് മറ്റുള്ള വീട്ടിലെ കുട്ടികള്‍ പണമുള്ളവരാണെന്നതും ചലച്ചിത്രങ്ങളിലെ നായകന്‍മാര്‍ സ്പിരിറ്റ് കടത്തുന്നതുമൊക്കെ രഞ്ജിത്തിന്റെ മനസ്സില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്.
'മോഹന്‍ലാല്‍ മുംബൈയിലൊക്കെ കറങ്ങി നടക്കുന്നതും പണമുണ്ടാക്കുന്നതുമൊക്കെ കണ്ടപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിന്റെ ത്രില്‍ ആയിരുന്നു മനസ്സില്‍. ആദ്യമായി സ്പിരിറ്റ് കടത്താന്‍ പോയപ്പോള്‍ കുറ്റകൃത്യമായി എനിക്കു തോന്നിയില്ല' താന്‍ ഉള്‍പ്പെട്ട അന്‍പതോളം കേസുകള്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ടെങ്കിലും തന്നെ പിടിച്ചെന്ന് പറയുന്നത് തെറ്റാണെന്ന് രഞ്ജിത്ത് പറയുന്നു. ' ഞാന്‍ അറിഞ്ഞുകൊണ്ട് തല വെച്ചു കൊടുത്തതാണ് എല്ലായ്പ്പോഴും. അല്ലാതെ എന്നെയാരും പിടിച്ചുകൊണ്ടുപോയി ജയിലില്‍ അടച്ചതല്ല. പോലീസുകാര്‍ക്ക് വേണ്ടത് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിനെ പിടിച്ചുവെന്ന പബ്ലിസിറ്റിയാണ്. ചെയ്യാത്ത കുറ്റം എന്റെ തലയില്‍ വെച്ചു കെട്ടിയിട്ടുമുണ്ട്. ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സിന്റെ ഉടമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടിച്ചമച്ച കുറ്റമാണ്. അതിന്റെ പേരില്‍ 90 ദിവസം ഞാന്‍ ജയിലില്‍ കിടക്കേണ്ടി വന്നു.'
ആലപ്പുഴയില്‍ വണ്ടിയില്‍ ഡ്രൈവറായി പോകുന്ന കാലത്താണ് രഞ്ജിത്ത് സ്പിരിറ്റ് കടത്തുന്നയാളെ പരിചയപ്പെടുന്നത്. അയാളുടെ കൂടെക്കൂടിയപ്പോള്‍ ആദ്യത്തെ ഓപ്പറേഷനില്‍ 10,000 രൂപ കിട്ടിയതായി രഞ്ജിത്ത് പറയുന്നു. അയാളുമായി എന്തോ പ്രശ്നമുണ്ടായപ്പോള്‍ ആ വണ്ടി തല്ലിപ്പൊളിക്കുകയും ചെയ്തു. ഇതിനിടയില്‍ മാനസാന്തരം വന്ന രഞ്ജിത്ത് ബാംഗ്ളൂരില്‍ ബേക്കറിയും റെഡിമെയ്ഡ് ഷോപ്പുമായി ജീവിതം തുടങ്ങി. കഴിഞ്ഞ നാല് വര്‍ഷമായി കേസിലൊന്നും ഉള്‍പ്പെടാതെ നല്ല ജീവിതം നയിക്കുകയായിരുന്നു രഞ്ജിത്ത്. മാനസാന്തരം വരാനുണ്ടായ കാരണത്തെപ്പറ്റി രഞ്ജിത്ത് തന്നെ പറയുന്നത് കേട്ടു നോക്കൂ ' കോയമ്പത്തൂരിൽ മോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലായപ്പോള്‍ അവിടത്തെ റെയില്‍വെ പോലീസിലെ വനിതാ സി.ഐ എന്നോട് ഇങ്ങനെ ആകാനുള്ള കാരണങ്ങളൊക്കെ ചോദിച്ചു.
എന്റെ വീട്ടിലെ സാഹചര്യത്തെക്കുറിച്ചൊക്കെ ചോദിച്ചു. ഇനി കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും നല്ല മനുഷ്യനാകണമെന്നും വാക്കുതരണമെന്ന് പറഞ്ഞു. അന്ന് അവര്‍ക്ക് കൊടുത്ത വാക്ക് കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ പാലിക്കുകയാണ്'. പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ ഇനിയും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് അവര്‍ തരുന്നതെന്ന് രഞ്ജിത്ത് വെളിപ്പെടുത്തുന്നു. വേറെ ആരെങ്കിലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെക്കുറിച്ച് വിവരം തരണമെന്നും പറഞ്ഞാണ് തന്നെ പുറത്തിറക്കി വിടാറുള്ളതെന്ന് രഞ്ജിത്ത് പറയു്ന്നു. മാനസാന്തരം വന്നെങ്കിലും തനിക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നാണ് ഈ പിടികിട്ടാപ്പുള്ളി വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha























