ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്.എംഎല്‍എ അടക്കമുള്ളവര്‍ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനായി പോയത്.യുവ ഐ.ടി. പ്രൊഫഷണലാണ് ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്‌റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവര്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.
വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്നാണ് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.
കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയിരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തിയത്. നക്‌സല്‍ വിരുദ്ധ സേനയും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു. വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ.
https://www.facebook.com/Malayalivartha























