ഗതാഗത മന്ത്രി തോമസ് ചാണ്ടി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ ഫയലുകൾ നോക്കുന്നത് മുഖ്യമന്ത്രി; ഗതാഗത സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ഭരണപരമായ കാര്യങ്ങൾക്ക് സമീപിക്കുന്നതും മുഖ്യമന്ത്രിയെ

ആരോപണങ്ങൾ ഉണ്ടായ ദിവസം മുതൽ മന്ത്രി തോമസ് ചാണ്ടി സെക്രട്ടേറിയറ്റിലെത്തുന്നത് ചുരുക്കമാണ്. ഔദ്യോഗിക വസതിയിലും അദ്ദേഹം സന്ദർശകരെ അധികം കാണുന്നില്ല. മന്ത്രി സ്ഥാനം രാജിവച്ച മട്ടിൽ തന്നെയാണ് പ്രവർത്തനം. വിദേശത്തുള്ള സ്ഥാപനങ്ങളുടെ കാര്യങ്ങളാണ് അദ്ദേഹം കൂടുതലായി നോക്കി നടത്തുന്നത്. മന്ത്രി സ്ഥാനത്തിന് അധികം ആയുസില്ലെന്ന് അദ്ദേഹം അടുപ്പക്കാരോട് പറയുന്നുണ്ട്. തന്റെ ബിസിനസ് സ്ഥാപനങ്ങളിൽ സർക്കാർ നടപടി ഉണ്ടാകാതിരിക്കണമെന്ന ആഗ്രഹം മാത്രമാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടി സർക്കാർ ഭൂമി കൈയേറിയെന്ന് സമ്മതിച്ച സാഹചര്യത്തിൽ അദ്ദേഹം നടത്തിയത് ക്രിമിനൽ കുറ്റമാണെന്നിരിക്കെ ആരും ഹൈക്കോടതിയെയും ലോകായുക്തയെയും സമീപിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും കൗതുകമുണർത്തുന്നു.
ഹൈക്കോടതിയെയും ലോകായുക്തയെയും സമീപിക്കാൻ സാധ്യതയുള്ള എല്ലാ പൊതുപ്രവർത്തകരെയും അദ്ദേഹം ഒരുക്കി എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിൽ കെ എം മാണിക്കും കെ ബാബുവിനുമെതിരെ ആരോപണം വന്നപ്പോൾ ഒരു ഡസൻ പരാതികളാണ് ഹൈക്കോടതിയിലും ലോകായുക്തയിലും ഫയൽ ചെയ്യപ്പെട്ടത്. പല കേസുകളും ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്നു. ചില കേസുകൾ തള്ളി പോയി.
അഴിമതി ആരോപണം ഉണ്ടാകുമ്പോൾ തന്നെ സാധാരണ കേസ് നൽകാൻ വിദഗ്ദ്ധരായവർ പരാതിയുമായി അതത് ഫോറങ്ങളെ സമീപിക്കും. തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉണ്ടായപ്പോഴും ഇത്തരക്കാർ കേസ് കൊടുക്കാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ആളും അർത്ഥവുമുള്ള ആരോപണ വിധേയൻ എല്ലാവരെയും ഒതുക്കി. വിരട്ടിൽ ഒതുങ്ങാത്തവർ മറ്റ് ചില മാർഗ്ഗങ്ങളിൽ ഒതുങ്ങി.
ഏഷ്യാനെറ്റ് തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കിയെങ്കിലും ആരും തയ്യാറായില്ലെന്നാണ് വിവരം. പലർക്കും ഭയമാണത്രേ. ഹൈക്കോടതിയിൽ തോമസ് ചാണ്ടിക്കെതിരെ ആരുസമീപിച്ചാലും അന്വേഷണം പ്രഖ്യാപിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നിട്ടും ആരും കോടതിയിലെത്തുന്നില്ല. അതാണ് മന്ത്രിയുടെ മിടുക്ക്.
https://www.facebook.com/Malayalivartha























